കോവിഡിന്റെ ഉറവിടം ചൈനയിലെ ലാബില്‍ നിന്നാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല: ലോകാരോഗ്യ സംഘടന


കോവിഡിന്റെ ഉറവിടം വുഹാനിലെ സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കില്‍ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും മൈക്കില്‍ റിയാന്‍ പറഞ്ഞു.

ചൈനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം രംഗത്തെത്തയിരുന്നു. കൊറോണ പടര്‍ന്നത് ചൈനയിലെ ലാബില്‍ നിന്നാണെന്നും തന്റെ കൈവശം തെളിവുണ്ടെന്നും ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ് പറഞ്ഞിരുന്നു.

വൈറസ് പരീക്ഷണശാലയില്‍ നിന്ന് പുറത്തുവിട്ടതാണോ എന്നറിയാന്‍ അമേരിക്ക ചാരസംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE