കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി ചേര്‍ന്ന ലോകാരോഗ്യ സംഘടന അടിയന്തരസമിതിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പ്രതിഫലനം ലോകരാജ്യങ്ങളുടെ സാമ്പത്തിക സാമൂഹിക മേഖലകളിലുണ്ടാവുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇതുവരെ ലോകത്ത് 6,80,000 പേരുടെ ജീവന്‍ അപഹരിച്ചു. 17.6 മില്യന്‍ പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്.

18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യുഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. എത്രയും പെട്ടെന്ന് വാക്സിന്‍ വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരം. എന്നാല്‍ അതുവരെ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ടെഡ്രോസ് അഥനം പറഞ്ഞു

SHARE