എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്‍

എടപ്പാള്‍: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ അനുവദിക്കാഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരെ നേരത്തേ അറിയിച്ചപ്രകാരം എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറ്റേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

നീണ്ട യാത്ര കഴിഞ്ഞെത്തിയ പ്രവാസിക്ക് വെള്ളം ആവശ്യപ്പെട്ടിട്ടു പോലും കുടുംബം നല്‍കിയില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, എടപ്പാളിലെ വട്ടംകുളം പ്രദേശം സാമൂഹ്യ വ്യാപന ആശങ്കയിലായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്തെ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാരും വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സ നടത്തിയവരാണ്. രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയില്‍ 20,000-ത്തിലധികം പേര്‍ ഉള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.

ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് കൂടി എടുത്ത് പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട വീടുകളില്‍ ക്വാറന്റീനില്‍ നിര്‍ത്താനാണ് തീരുമാനം. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമുണ്ട്.