ലോകത്ത് അഞ്ചിലൊരാള്‍ക്ക് കടുത്ത കോവിഡ് രോഗ സാധ്യതയുണ്ടെന്ന് പഠനം

ന്യൂയോര്‍ക്ക്: ആഗോളജനസംഖ്യയുടെ 22 % പേര്‍ക്ക് കടുത്ത കോവിഡ് രോഗ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന മോഡലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. ആറു മാസം കൊണ്ട് ലോകമെമ്പാടും 80 ലക്ഷം പേരെ ബാധിക്കുകയും 4.3 ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇവിടം കൊണ്ടൊന്നും നില്‍ക്കില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

പ്രായമായവരില്‍ തന്നെ നല്ല ആരോഗ്യമുള്ള വ്യക്തികളെ ഒഴിവാക്കിയാണ് ഈ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. ദാരിദ്ര്യം, അമിതവണ്ണം തുടങ്ങി കോവിഡ് അപകട തീവ്രത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെയും ബ്രിട്ടീഷ് അമേരിക്കന്‍ ആരോഗ്യ ഏജന്‍സികളുടെയും വിവരശേഖരണം വിശകലനം ചെയ്ത് കടുത്ത കോവിഡ് രോഗസാധ്യതയുള്ള 11 വിഭാഗങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു.

പ്രതിരോധശേഷിയെ അമര്‍ത്തി വയ്ക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നവരും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയരാകുന്നവരുമെല്ലാം ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. ലോകജനസംഖ്യയില്‍ 4 ശതമാനത്തിന് അതായത് 34.9 കോടി പേര്‍ക്ക് കോവിഡ് മൂലം ആശുപത്രി വാസം വേണ്ടി വരുമെന്നും പഠനം കണക്കാക്കുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തിലുള്ള എല്ലാ സാഹചര്യങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ എപ്പിഡെമോളജിസ്റ്റ് ഡോ. ലോണ മൂഡി ചൂണ്ടിക്കാണിക്കുന്നു.

SHARE