കോവിഡ്; 28 ദിവസത്തിന് ശേഷം രോഗസ്ഥിരീകരണം ആര്‍ക്കൊക്കെ സംഭവിക്കാം?

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം ലോക്ഡൗണിലായിട്ട് ഒരു മാസം പിന്നിടുന്നു. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ച പലരും 14 മുതല്‍ 28 ദിവസം വരെ ക്വാറന്റീനില്‍ കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് രോഗം വന്നതെന്നത് ജനങ്ങളുടെ ഭീതി കൂട്ടുന്നുമുണ്ട്. രോഗമില്ലെന്നു കണ്ട് പുറത്തിറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് വസ്തുത. ഈ അവസരത്തില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പടെ പറഞ്ഞ ക്വാറന്റീന്‍ കാലയളവ് കൂട്ടണോ? ഇന്‍ക്യുബേഷന്‍ പീരീഡ് എത്ര ദിവസമാണ്?

ഇന്‍ക്യൂബേഷന്‍ പീരീഡ് എന്നാല്‍ രോഗാണു (വൈറസ് ) മനുഷ്യശരീരത്തില്‍ കയറി ആദ്യ രോഗലക്ഷണങ്ങള്‍ കാണുന്ന വരെ ഉള്ള സമയമാണ്. ഇത് കോറോണ വൈറസിന്റെ കാര്യത്തില്‍ ശരാശരി 6 ദിവസമാണ് ( ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു ഏറ്റവും കൂടിയത് 14 ദിവസവും). ആയതിനാല്‍ തന്നെ നമ്മുടെ ക്വാറന്റീന്‍ പീരീഡ് ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു 14 ദിവസവും കേരള സര്‍ക്കാര്‍ പറയുന്നതനുസരിച്ചു 28 ദിവസവുമാണ്.

ലോക്ഡൗണ്‍ ഒരു മാസം പിന്നിട്ടിട്ടും വീണ്ടും വിദേശത്തു നിന്ന് വന്നവര്‍ക്കു കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതകള്‍ പരിശോധിക്കാം

1.രോഗിക്ക് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍തന്നെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അത് കാര്യമാക്കുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ ടെസ്റ്റ് ചെയ്യുന്നു. ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ടെസ്റ്റ് ചെയ്തിരുന്നെങ്കിലും ഇത്തരം രോഗികള്‍ പോസിറ്റീവ് ആയേനെ. RT PCR ടെസ്റ്റ് പോസിറ്റീവ് ആയാല്‍ നെഗറ്റീവ് ആകണമെങ്കില്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കാം. അതുകൊണ്ട് ടെസ്റ്റ് പോസിറ്റീവ് എന്നു വച്ചാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതുമായി ബന്ധമുണ്ടാകണമെന്നില്ല.

  1. ചിലരില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല . ഇപ്പോള്‍ പലയിടങ്ങളിലും വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതിനാല്‍ വിദേശത്തു നിന്നു വന്നവര്‍ക്കു രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ടെസ്റ്റ് ചെയ്യുന്നുണ്ട്. അതുമൂലം രോഗലക്ഷണമില്ലാത്ത രോഗികളെയും കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു.
  2. ചിലരില്‍ രോഗം ഭേദമായാലും നിര്‍ജീവമായ വൈറസ് പാര്‍ട്ടിക്കിള്‍സ് പുറന്തള്ളപ്പെടാം.
  3. ഇന്‍ക്യൂബേഷന്‍ പീരീഡ് കൂടിയാലും ഇങ്ങനെ ഉണ്ടാകാം. പക്ഷേ അതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്.
  4. വിദേശത്തു നിന്നു വന്ന ഒരാള്‍ക്ക് നാട്ടിലുള്ള ഒരു രോഗിയില്‍ നിന്നു രോഗം പകര്‍ന്നു കിട്ടിയാലും ഇങ്ങനെ ഉണ്ടാകാം.

നിലവിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് 28 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ച വ്യക്തിയെ 28 ദിവസത്തിന് മുന്‍പും ടെസ്റ്റിന് വിധേയമാക്കുകയാണെങ്കില്‍ അവര്‍ക്ക് രോഗം സ്ഥിരീകരിക്കാമെന്നു തന്നെയാണ്. അതായത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗമില്ലെന്ന് കരുതുന്നതാണ് ഇതിന്് കാരണമാകുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ പോലും തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടുക എന്നത് തന്നെയാണ് യഥാര്‍ത്ഥ പ്രതിവിധി.

SHARE