പ്രതിഷേധം ഫലം കണ്ടു; പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പി.പി.ഇ കിറ്റു മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്. സഊദി, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാഷ്ട്രങ്ങളിലുള്ളവര്‍ക്കാണ് ഇളവ്. ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാണ്.

കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉപാധി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. പ്രതിപക്ഷവും പ്രവാസി സംഘടനകളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിമര്‍ശനം കടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്.

വിമാനകമ്പനികളോട് പിപിഇ കിറ്റ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗവ്യാപനം കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചിലവും കുറവാണ്.

വിമാനക്കമ്പനികളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

നേരത്തെ, യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ വിവിധ മിഷനുകളുമായി ആശയവിനിമയം നടത്തി. എന്നാല്‍ പല രാജ്യങ്ങളിലും നോ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സൗകര്യമില്ല എന്നാണ് മിഷനുകള്‍ മന്ത്രാലയത്തെ അറിയിച്ചത്.

SHARE