വന്ദേഭാരത് ദൗത്യത്തില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികളെ വരിഞ്ഞു മുറുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേ, വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി.

ഒരു വിമാനത്തില്‍ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. വേഗത്തില്‍ കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. നേരത്തേ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. നാട്ടിലേക്കുള്ള തിരിച്ചുവരവിന്റെ ചിറകരിയുന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്ന വ്യാപക വിമര്‍ശവും ഉണ്ടായിരുന്നു.

എംബസികള്‍ വഴി വേഗത്തില്‍ കോവിഡ് പരിശോധന ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. മറ്റ് നിര്‍ദേശങ്ങളൊന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും വിദേശകാര്യമന്ത്രാലയത്തില്‍ നിന്നോ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ സൗദിയില്‍ നിന്നുള്ള യാത്രികര്‍ക്ക് കോവിഡ് ടെസ്റ്റ് ഈയിടെ നിര്‍ബന്ധമാക്കിയിരുന്നു.

ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികള്‍ക്ക് പരിശോധന, ടിക്കറ്റ് ചെലവുകള്‍ താങ്ങാനാകുന്നതല്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രവാസിസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഗള്‍ഫില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു.