കോവിഡ് വൈറസിന്റെ ഉപദ്രവം കൂടുതല്‍ എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്ന് പഠനം

കോവിഡ് ബാധിയേല്‍ക്കാന്‍ ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്ന് പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ ബാധ മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേതന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൂടുതല്‍ അണുബാധയുണ്ടാവുകയും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നുണ്ട്. എ ഗ്രൂപ്പില്‍ വരുന്ന കൊറോണ രോഗികളില്‍ 50 % ആളുകള്‍ക്കും ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായവും വെന്റിലേറ്റര്‍ സഹായവും ആവശ്യമായി വരുന്നുണ്ട്. ഷെന്‍സനിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ വുഹാനിലെ ഹോസ്പിറ്റലുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ജര്‍മനിയിലെ കീല്‍ സര്‍വകലാശാലയുടെ ഗവേഷണ റിപ്പോര്‍ട്ടിലും എ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് രോഗാവസ്ഥ മൂര്‍ച്ഛിക്കുമെന്നു പറയുന്നുണ്ട്. അതേസമയം ഒ ഗ്രൂപ്പുകാര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്നും ഈ ഗവേഷണഫലം പറയുന്നു.