കോവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

കോവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ റെംഡിസിവിര്‍ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് ആണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പിന്‍വലിച്ചു. രേഖ അബന്ധത്തില്‍ പുറത്തായതാതാണെന്നാണും വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്ത് വിടുമെന്നും സംഘടന അറിയിച്ചു. 237 രോഗികളിലാണ് ചൈന പരീക്ഷണം നടത്തിയത്. ഇതില്‍ 158 പേര്‍ക്കാണ് മരുന്ന് നല്‍കി നിരീക്ഷിച്ചത്. 79 പേരെ മരുന്ന് നല്‍കാതെ നിയന്ത്രിത ഗ്രൂപ്പായി നിലനിര്‍ത്തി. പാര്‍ശ്വഫലങ്ങള്‍ കാരണം 18 പേരില്‍ റെംഡിസിവിര്‍ നേരത്തെ നിര്‍ത്തി.

നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്ന് കഴിച്ചവരുടെ രോഗത്തില്‍ പുരോഗതി കാണാനായില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയന്ത്രിത ഗ്രൂപ്പിലുള്ള 12.8 % പേര്‍ മരണമടഞ്ഞപ്പോള്‍ റെംഡിസിവിര്‍ മരുന്നിലൂടെ ചികിത്സ നല്‍കിയവരില്‍ 13.9% പേരാണ് മരണപ്പെട്ടത്.’പഠനഫലങ്ങള്‍ അനിശ്ചിതത്വത്തിലാണ്. രോഗത്തിന്റെ തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ റെംഡിസിവിര്‍ ഫലപ്രദമായെന്ന് കണക്കുകള്‍ കാണിക്കുന്നുണ്ട്. ഈ പഠനം അന്തിമ വാക്കല്ല.’ വിപുലമായ ഘട്ടങ്ങളില്‍ നിരവധി വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും അത് ഉടന്‍ തന്നെ വ്യക്തമായ ചിത്രം നല്‍കുമെന്നും ഗിലിയാഡ് കമ്പനി വക്താവ് പറഞ്ഞു.

SHARE