പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബ രാംദേവിനെതിരെ കേസെടുത്തു

ജയ്പുര്‍: കോവിഡ് മരുന്നെന്ന് പ്രചാരണവുമായി ഇറങ്ങിയ ബാബ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പതഞ്ജലിയുടെ ആയുര്‍വേദ മരുന്ന് പ്രചരിപ്പിച്ച് ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണില്‍ എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവ്, ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകള്‍ക്കകം കേന്ദ്ര സര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നല്‍കുന്നത് നിറുത്തിവയ്ക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദേശിച്ചു.

SHARE