കോവിഡ്: കേന്ദ്രസംഘത്തോട് ഇടഞ്ഞ് മമത; ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് മമതയോട് ഗവര്‍ണ്ണര്‍

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവുമായി കൈകോര്‍ക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഗവര്‍ണ്ണര്‍ ജഗ്ദീപ് ധന്‍കര്‍. പശ്ചിമബംഗാളിലെ ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നതിനിടെയാണ് ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന. കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ഗുരുതരമായി തുടരുന്ന സ്ഥലങ്ങളില്‍ കേന്ദ്രസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മമതാബാനര്‍ജി രംഗത്തെത്തിയിരുന്നു.

ലോക്ക്ഡൗണ്‍ നിരീക്ഷിക്കാന്‍ ആറ് പ്രത്യേക സംഘങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളിലെ അഡീഷണ്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് സംഘങ്ങള്‍. രണ്ട് സംഘങ്ങളെ വീതം പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഓരോ സംഘത്തെ വീതം മധ്യപ്രദേശിലും രാജസ്ഥാനിലും നിയോഗിക്കും. ഈ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്ഥിതിഗതതികള്‍ വിലയിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സംഘങ്ങളുടെ ദൗത്യം.

ഇതുസംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ലോക്ക് ഡൗണ്‍ ലംഘനം നിരീക്ഷിക്കാന്‍ കേന്ദ്ര സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയയ്ക്കുന്നത് എന്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അഭ്യര്‍ത്ഥനയുമായി ഗവര്‍ണ്ണറെത്തുന്നത്.

.തൃപ്തികകരമായ ഉത്തരം ലഭിക്കാത്തപക്ഷം കേന്ദ്ര സംഘങ്ങളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള എന്ത് നിര്‍ദ്ദേശങ്ങളും കേന്ദ്രത്തില്‍നിന്ന് സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ കേന്ദ്ര സംഘങ്ങളെ ചില സംസ്ഥാനങ്ങളിലേക്ക് മാത്രം അയയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മമത പറഞ്ഞു.

രാജ്യത്തെ വിവിധ ജില്ലകളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തിയാണ് ആറ് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. ഇന്ദോര്‍ (മധ്യപ്രദേശ്), മുംബൈ, പുണെ (മഹാരാഷ്ട്രാ), ജയ്പുര്‍ (രാജസ്ഥാന്‍), കൊല്‍ക്കത്ത, ഹൗറ, മിഡ്‌നാപുര്‍ ഈസ്റ്റ്, 24 പര്‍ഗാനാസ് നോര്‍ത്ത്, ഡാര്‍ജിലിങ്, കലിംപോങ്, ജയ്പാല്‍ഗുരി (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 392 കോവിഡ് കേസുകളാണ് ഇതുവരെ പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 73 പേര്‍ രോഗവിമുക്തരാവുകയും 12 പേര്‍ മരിക്കുകയും ചെയ്തു

SHARE