കോവിഡ് ബാധിച്ച് കൂടുതല്‍ മരിക്കുന്നത് പുരുഷന്മാര്‍; കാരണം കണ്ടെത്തി ഗവേഷകര്‍

സ്ത്രീകളെ അപേക്ഷിച്ച് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത പുരുഷന്മാരില്‍ ഇരട്ടിയാണെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ പുരുഷ ഹോര്‍മോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ളവരിലാണ് കോവിഡ് മരണ സാധ്യത കൂടുതലെന്ന് കണ്ടെത്തിയിരിക്കുന്നു. ജര്‍മ്മനിയിലെ ഒരു ആശുപത്രിയില്‍ 45 കോവിഡ് രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് ടെസ്‌റ്റോസ്റ്റിറോണ്‍. ഈ ഹോര്‍മോണ്‍ കുറവുള്ള പുരുഷന്മാരിലെ പ്രതിരോധ സംവിധാനം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നതിലും അവസരത്തിനനുസരിച്ച് പ്രതിരോധം തീര്‍ക്കുന്നതിലും പരാജയപ്പെടുകയാണ്. ഇത് പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സൈറ്റോകിന്‍ സ്‌റ്റോം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ച 45 രോഗികളെയാണ് ജര്‍മനിയിലെ ഗവേഷകര്‍ പഠനത്തിന് വിധേയരാക്കിയത്. യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഹാംബര്‍ഗ് എപ്പെന്‍ഡോര്‍ഫിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം. ഇതില്‍ 35 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമായിരുന്നു. 33 പേര്‍ക്ക് വെന്റിലേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തേണ്ടി വന്നു. ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണത്തിന് കീഴടങ്ങിയത്.

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസം തന്നെ ഓരോ രോഗികളുടേയും ഹോര്‍മോണ്‍ നിലകള്‍ പരിശോധിച്ചിരുന്നു. ടെസ്‌റ്റോസ്റ്റിറോണും ഡിഹൈഡ്രോടെസ്‌റ്റോസ്റ്റിറോണും അടക്കം 12 ഹോര്‍മോണുകളുടെ അളവാണ് പരിശോധനക്ക് വിധേയമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്ന മൂന്നില്‍ രണ്ട് പുരുഷന്മാര്‍ക്കും കുറഞ്ഞ ടെസ്‌റ്റോസ്റ്റിറോണാണ് രേഖപ്പെടുത്തപ്പെട്ടത്.

SHARE