കഴിഞ്ഞ ദിവസം രോഗ വിമുക്തനായ മലപ്പുറം സ്വദേശി ഇന്ന് നാട്ടിലേക്ക് മടങ്ങും

ജില്ലയില്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 30)രോഗ വിമുക്തനായി ജില്ലാ ആശുപത്രിയില്‍ നിന്നും ഔദ്യോഗികമായി വിടുതല്‍ നല്‍കിയെങ്കിലും ആശുപത്രിയില്‍ തന്നെ കഴിഞ്ഞു വന്നിരുന്ന മലപ്പുറം സ്വദേശി ഇന്ന് (മെയ് 1) ഉച്ചയ്ക്ക് 12.45 ന് വീട്ടിലേക്ക് മടങ്ങും. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതിനാലാണ് രോഗവിമുക്തനായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ഉള്ളതിനാല്‍ ഇദ്ദേഹത്തിന്റെ മലപ്പുറത്തെ വീടിനോടു ചേര്‍ന്ന് പ്രത്യേക മുറി സജ്ജമാക്കേണ്ടതിനാലാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. തിരിച്ച് നാട്ടില്‍ എത്തുന്നത് സംബന്ധിച്ച് മലപ്പുറം ഡി.എം.ഒ യ്ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് ഉച്ച ഭക്ഷണം കൂടി നല്‍കിയിട്ടാണ് ഇദ്ദേഹത്തെ നാട്ടിലേക്കു അയക്കുന്നത്. അതു കൊണ്ടാണ് 12.45 വരെ വൈകുന്നത്. ഏപ്രില്‍ 21നാണ് മലപ്പുറം സ്വദേശിക്ക് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

രോഗ വിമുക്തനായി ആശുപത്രിയില്‍ തന്നെ കഴിയുന്ന യു.പി സ്വദേശി, ആരോഗ്യ വകുപ്പ് പ്രത്യേക നിരീക്ഷണ കേന്ദ്രം സജ്ജമാക്കുന്നത് വരെ ആശുപത്രിയില്‍ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറായും കോവിഡ് കെയര്‍ സെന്ററുകളുടേയും ഷെല്‍ട്ടര്‍ ഹോമുകളുടേയും ചുമതല വഹിക്കുന്ന ഒറ്റപ്പാലം സബ് കലക്ടറോടും ആലോചിച്ചു വരികയാണ്. കഞ്ചിക്കോട് ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ യൂനിറ്റില്‍ ജോലി ചെയ്യുന്ന യു.പി സ്വദേശിക്ക് ഏപ്രില്‍ 2l നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുമായി ഓഗ് മെന്റഡ്(വലിയ അളവില്‍) പരിശോധനക്കായി അയച്ച 195 ഓളം സാമ്പിളുകളും നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ഡി.എം.ഒ അറിയിച്ചിരുന്നു.

SHARE