വരാന്‍ പോകുന്നത് ആശങ്ക നിറഞ്ഞ കാലം; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ള സമയമായിരിക്കുന്നു

മുരളി തുമ്മാരുകുടി

ഇന്ത്യ മൂന്നാമത് എത്തുന്‌പോള്‍…

ലോക്ക് ഡൗണിനും അണ്‍ ലോക്കിനും ശേഷം കേരളത്തില്‍ ആളുകള്‍ ഏറെ റിലാക്‌സ്ഡ് ആയ സമയമായിരുന്നു കഴിഞ്ഞ മാസം. ഇനി അത് മാറുകയാണ്. കുറച്ചു നാളത്തെ ആശ്വാസത്തിന് ശേഷം വീണ്ടും കൊറോണ നമുക്ക് ആശങ്കയുണ്ടാക്കുകയാണ്.

ലോകത്തില്‍ മൊത്തം കൊറോണക്കേസുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോഴും കൊറോണയുണ്ട്, പുതിയ കേസുകള്‍ ഉണ്ടാകുന്നുമുണ്ട്. ഇന്ത്യയിലെ പുതിയ കൊറോണകേസുകളുടെ എണ്ണം ദിനം പ്രതി ഇരുപതിനായിരം വെച്ചാണ് കൂടുന്നത്. ഇതിപ്പോള്‍ ലോകത്തെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണിത്. അമേരിക്കയിലും ബ്രസീലിലും മാത്രമാണ് ഇതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ദിവസവും ഉണ്ടാകുന്നത്. ഇന്നോ നാളെയോ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള രാജ്യമാകും ഇന്ത്യ.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ആശ്വാസത്തിന് വേണ്ടി പലരും മറ്റു പല കണക്കുകളും നോക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ രോഗബാധിതരുടെ നിരക്ക് ഇപ്പോഴും അമേരിക്കയെയും ബ്രസീലിനെയും കാള്‍ കുറവാണ്. അമേരിക്കയില്‍ ദശ ലക്ഷത്തിന് എണ്ണായിരം രോഗബാധിതരും ബ്രസീലില്‍ ദശലക്ഷത്തിന് ആറായിരം രോഗബാധിതരും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും ഇത് ദശലക്ഷത്തിന് നാനൂറിനടുത്താണ്. മരിച്ചവരുടെ അനുപാതവും ഇതുപോലെ തന്നെയാണ്. അമേരിക്കയില്‍ ദശലക്ഷത്തിന് മുന്നൂറ്റി എണ്‍പത് പേര്‍ മരിച്ചപ്പോള്‍ ഇന്ത്യയില്‍ ഇപ്പോള്‍ അത് ദശ ലക്ഷത്തിന് പന്ത്രണ്ടാണ്.

ഒറ്റ നോട്ടത്തില്‍ ഇത് ആശ്വാസത്തിന് വക നല്‍കുമെങ്കിലും അങ്ങനെയല്ല ഇത് വായിക്കേണ്ടത്. ഇന്ത്യയിലെ കേസുകള്‍ കുറച്ചു നഗരങ്ങളിലും സംസ്ഥാനങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കേസുകളുടെ എണ്ണത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുന്‌പോള്‍ കിട്ടുന്ന രോഗ നിരക്ക് കുറവായി തോന്നുന്നത്. രോഗം മറ്റു സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ സ്ഥിതി മാറും. ബ്രസീലിനെക്കാള്‍ ആറിരട്ടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ബ്രസിലീലിന്റെ അത്രയും നിരക്ക് വന്നാല്‍ തന്നെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തില്‍ അധികമാകും. അമേരിക്കയിലെ അത്രയും മരണ നിരക്കുണ്ടായാല്‍ മരണം നാലു ലക്ഷം കവിയും. ഈ അക്കങ്ങളൊക്കെ വളരെ വലുതായത് കൊണ്ട് അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യയിലെ കേസുകളുടെ എണ്ണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകുമോ എന്നത് ഇല്ലയോ എന്നുള്ളത് നമ്മള്‍ രോഗവ്യാപനത്തെ തടയാന്‍ നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. രോഗത്തിന്റെ തുടക്കകാലത്ത് വളരെ സമയോചിതമായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഇന്ത്യ ഇപ്പോള്‍ ‘Unlock 2.0’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായി കേസുകള്‍ കുറയും എന്ന് കരുതാന്‍ വയ്യ. കൂടുതല്‍ വിമാനങ്ങളും ട്രെയിനുകളും അനുവദിക്കുമെന്നും പറയുന്നു. വന്‍ നഗരങ്ങളില്‍ നിന്നും രോഗബാധ പേടിച്ച് ആളുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളില്‍ നിന്നും വീണ്ടും തൊഴില്‍ തേടി നഗരങ്ങളിലേക്കും കൂടുതലായി പോകുന്ന സ്ഥിതി ഉണ്ടാകുന്‌പോള്‍ എങ്ങനെയാണ് രോഗബാധിതരുടെ എണ്ണം പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത്?.

രോഗബാധിതരുടെ എണ്ണം ഒരുകോടിയാകുമെന്നോ മരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിയുമെന്നോ ഒക്കെയുള്ള പേടിപ്പിക്കുന്ന അക്കങ്ങള്‍ പോലും സാധ്യതകളുടെ ഇങ്ങേ അറ്റമാണ്. രോഗത്തിന്റെ ഒന്നാമത്തെ തിരമാല കടന്നു പോയ യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം ജനസംഖ്യയുടെ പത്തോ പതിനഞ്ചോ ശതമാനത്തിനാണ് രോഗം ബാധിച്ചത് എന്നാണ് കണക്കുകള്‍. ഇതില്‍ നിന്നും രണ്ടു പാഠങ്ങള്‍ ഉണ്ട്. ഒന്ന്, ഇന്ത്യയില്‍ ആദ്യത്തെ തിരമാലയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് ഇന്നുണ്ടാക്കിയിട്ടുള്ളതിന്റെ പല മടങ്ങ് ആളുകളെ ഇപ്പോള്‍ തന്നെ ബാധിക്കാം, വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാക്കാം. രണ്ടാമത്തേത്, ഒന്നാമത്തെ തിരമാലയെ നിയന്ത്രിച്ചാലും വീണ്ടും ഇത്തരം തിരമാലകള്‍ക്ക് നാശം വിതച്ച് കടന്നുപോകാനുള്ള ആളുകള്‍ ഏറെ ലോകത്ത് ബാക്കിയുണ്ട്, ഇന്ത്യയിലും.

പൊതുവെ ആശങ്കയുടെ കാലമാണ് വരാന്‍ പോകുന്നത്. മുന്‍പൊരിക്കല്‍ പറഞ്ഞത് പോലെ ഈ രോഗത്തിന്റെ കണക്കുകള്‍ ദേശീയമായും സംസ്ഥാനത്തിന്റെ മൊത്തവും ആണ് വരുന്നതെങ്കിലും പ്രായോഗികമായി ശ്രദ്ധിക്കേണ്ട ചില അക്കങ്ങള്‍ ഉണ്ട്. ദേശീയമായി നോക്കുന്‌പോള്‍ ഒരോ സംസ്ഥാനങ്ങളിലും എങ്ങനെയാണ് കാര്യങ്ങള്‍ മുന്നേറുന്നത് എന്ന് നോക്കുക. വലിയ തോതില്‍ കേസുകള്‍ ഉണ്ടായ ഡല്‍ഹിയിലോ ബോംബെയിലോ ചെന്നൈയിലോ പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോഴും കൂടുകയാണോ? എവിടെയെങ്കിലും അത് കുറയുന്നുണ്ടെങ്കില്‍ എന്ത് നയങ്ങളാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്?

കേരളത്തിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തില്‍ ദിവസവും കൂടുന്ന കേസുകളില്‍ സമ്പര്‍ക്കം അറിയാത്തവരുടെ എണ്ണം എത്ര വീതമാണ് കൂടുന്നത് എന്നാണ്. ഉറവിടം അറിയാതെ രോഗികളുടെ എണ്ണം വേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ പൊതുജീവിതത്തില്‍ തീര്‍ച്ചയായും വീണ്ടും അതീവ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് സമയമായി. രണ്ടാമത് ഓരോ ജില്ലകളിലും ഉള്ള കേസുകളുടെ എണ്ണം ആ ജില്ലയില്‍ കോവിഡ് ചികിത്സക്ക് ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ എണ്ണത്തിന് (ആശുപത്രി ബെഡ്, ഐ സി യു, വെന്റിലേറ്റര്‍) അടുത്തേക്ക് എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ രംഗത്ത് പുതിയ തന്ത്രങ്ങള്‍ക്ക് സമയമായി.

വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ പഴയത് തന്നെയാണ്. സാമൂഹിക അകലം, മാസ്‌ക്, കൈ കഴുകല്‍ ഇതൊക്കെ തുടരുക. പ്രായമായവരെ ശ്രദ്ധിക്കുക. തടി കൂടുതല്‍ ഉള്ളവര്‍ അത് കുറക്കുന്നത് നന്നായിരിക്കുമെന്നും അതിന് വേണ്ടി മാത്രം കൂടുതല്‍ ഔട്ട് ഡോര്‍ ജിം ഉണ്ടാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. കൊറോണ ബാധിച്ച് മരണത്തിന് തൊട്ടടുത്തെത്തിയ ആവശ്യത്തില്‍ കൂടുതല്‍ തടിയുള്ള ആളാണ് അദ്ദേഹം. പൊതുവെ ആവശ്യത്തിന് എക്‌സര്‍സൈസ് പോലും ചെയ്യാത്തവരാണ് നമ്മള്‍. ലോക്ക് ഡൌണ്‍ കാലത്ത് ഉള്ള എക്‌സര്‍സൈസ് തന്നെ ഇല്ലാതായ നിലയായി. പൊറോട്ട മുതല്‍ കേക്ക് വരെ പാചകവും പരീക്ഷണവും ഭക്ഷണവും കൂട്ടുകയും ചെയ്തു. കൊറോണ പ്രതിരോധത്തിന് വിരുദ്ധമായ നടപടിയാണ് മനഃപൂര്‍വമല്ലെങ്കിലും ഉണ്ടായത്. മാറ്റുവാന്‍ സമയമായി.

കൊറോണയെ ഇതുവരെ നേരിട്ട പോലെയാകില്ല ഇനിയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്‌പോള്‍ ഉള്ള സ്ഥിതി. കുട്ടികളുടെ വിദ്യാഭ്യാസം വേണ്ട പോലെ നടക്കാത്തത്, തൊഴില്‍ നഷ്ടപ്പെട്ടതോ തൊഴില്‍ രംഗത്തുള്ള മാന്ദ്യമോ, എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കാത്തത്, ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിനോ ജോലിക്കോ പോകാന്‍ പറ്റാത്തത്, ഇതൊക്കെ ആളുകളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷവും മലയാളികളുടെ മാനസിക ആശ്വാസമായ ദൈവവും ആരാധനാലയങ്ങളും തല്‍ക്കാലം ആ ആശ്വാസം നല്‍കുന്നില്ല. സാമ്പത്തികമായ പ്രതിസന്ധികളും മാനസികമായ വെല്ലുവിളികളും നേരിടുന്ന ആളുകള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പ്രായമായവര്‍ക്ക്, ഭിന്നശേഷി ഉളളവര്‍ക്ക്, എങ്ങനെയാണ് കൂടുതല്‍ പിന്തുണ നല്‍കാന്‍ സാധിക്കുന്നത്?. നിലമില്ലാക്കയം പോലുള്ള കൊറോണക്കാലം കടന്നുപോകാന്‍ പൂര്‍ണ്ണാരോഗ്യവും സാന്പത്തിക ബാധ്യതകള്‍ ഇല്ലാത്തവരും പോലും ബുദ്ധിമുട്ടുന്‌പോള്‍ ആരാണ് മറ്റുള്ളവര്‍ക്ക് ആശ്വാസമേകാനുളളത്?

വരുന്ന ആഴ്ചകള്‍ ജീവിതത്തില്‍ ഒരു റീസെറ്റിനുള്ള സമയമാണ്. ഈ കൊറോണക്കാലം ഇന്നോ നാളെയെ പോകുന്നതല്ല എന്നും കൊറോണയോടൊപ്പം, എന്നാല്‍ കൊറോണയില്‍ നിന്നകന്ന് ജീവിക്കാന്‍ നാം ശീലിക്കണമെന്നും അതിന് വ്യക്തിപരമായും സമൂഹം എന്ന നിലയിലും മാറ്റങ്ങള്‍ നാം നടത്തേണ്ടി വരുമെന്നും ചിന്തിച്ചു തുടങ്ങുക.

ഔദ്യോഗികമായ തിരക്കുകള്‍ ഉള്ളതിനാല്‍ എഴുത്തുകള്‍ അല്പം കുറച്ചിരിക്കുകയിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്ന സ്ഥിതിക്ക് വീണ്ടും എഴുതി തുടങ്ങും.

സുരക്ഷിതരായിരിക്കുക

SHARE