കേരളത്തില്‍ സമൂഹവ്യാപനത്തിന്റെ ആരംഭമോ? ഇനിയുള്ള പരിചരണങ്ങള്‍ എങ്ങനെ?


ദിനംപ്രതി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും ഭയക്കുന്നത് സമൂഹവ്യാപനമാണ്. സമൂഹവ്യാപന സാധ്യതയും സൂചനകളുമൊക്കെ നല്‍കുമ്പോഴും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്ക് നല്‍കുന്നത് സമൂഹവ്യാപനം സംഭവിച്ചു എന്ന സൂചനയാണോ? കേസുകളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ എന്താകും ഇനി സംഭവിക്കാന്‍ പോകുന്നത്?
നമ്മള്‍ സമൂഹവ്യാപനത്തിന്റെ തുടക്കത്തില്‍തന്നെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഉറവിടം അറിയാത്ത 23 ഓളം കേസുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി എന്നു പറയുമ്പോഴും എവിടെനിന്ന്, ആരില്‍നിന്ന് എന്നതിനു വ്യക്തമായ ഉത്തരമില്ല. മാത്രമല്ല കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയ ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍നിന്നു പോയി ക്വാറന്റീനില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാല്‍ ഇവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നു കരുതേണ്ടി വരും.

സമൂഹവ്യാപനം ഉണ്ടായെന്നു കരുതി ഭയക്കേണ്ടതില്ല. മറിച്ച് നമ്മള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നു മാത്രം. അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയുംമറ്റും വച്ചു നോക്കുമ്പോള്‍ ഇവിടെ അതിനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ സംഭവിച്ചെന്നു കരുതി രോഗം പിടിപെടുന്നവരെല്ലാം മരിച്ചുപോകുമെന്ന മിഥ്യാധാരണയും വേണ്ട. മറ്റു രാജ്യങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായപ്പോള്‍ അവര്‍ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തുകയും മറ്റു ഗുരുതര രോഗാവസ്ഥകളുള്ളവരെ ആശുപത്രിയില്‍ ചികിത്സിക്കുകയും അല്ലാത്തവരെ വീട്ടില്‍തന്നെ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്. ആ നടപടി നമുക്കും പിന്തുടരേണ്ടി വരും.

ഭൂരിഭാഗം പേരിലും ചെറിയ രോഗലക്ഷണങ്ങളോടെ രോഗം പിടിപെട്ട് ഭേദമായി പോകാറുണ്ട്. വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നത്. സമൂഹവ്യാപനം സംഭവിച്ച് കേസുകളുടെ എണ്ണം കണക്കിലധികമായി വര്‍ധിക്കുമ്പോള്‍ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുക എന്നത് പ്രായോഗികമല്ലാതാവും. പകരം, വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നവരെ മാത്രം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതിയിലേക്കു മാറും.

പ്രവാസികള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. ആഭ്യന്തര വിമാന സര്‍വീസും ട്രെയിന്‍ ഗതാഗതവുമെല്ലാം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും നാം ഓരോരുത്തരും പ്രത്യേകം കരുതലെടുക്കണം. രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിക്കുന്ന രീതി മാറ്റേണ്ടി വരും. കാരണം രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്ത ആളുകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഒരു കോവിഡ് രോഗി നമ്മുടെയടുത്തുണ്ടെന്നു കരുതി നാംതന്നെ മുന്‍കരുതലെടുത്ത്, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വൈറസിനെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍, നാം തീര്‍ക്കുന്ന സ്വയം പ്രതിരോധത്തിലൂടെയേ വൈറസിനെ അകറ്റി നര്‍ത്തി സുരക്ഷിതരാകാന്‍ കഴിയൂ.

SHARE