ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കോവിഡ് 19 വൈറസ് ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇറാനിലുള്ള 255 പേര്‍ക്കും യുഎഇയിലുള്ള 12 പേര്‍ക്കും ഇറ്റലിയിലുള്ള അഞ്ചു പേര്‍ക്കും ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലുള്ള ഓരോരുത്തര്‍ക്കുമാണ് കോവിഡ് ബാധിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ലോക്സഭയെ രേഖാമൂലം അറിയിച്ചു.
കോവിഡ് മറികടക്കുന്നതിനായി ചൈനക്ക് ഇന്ത്യ 15 ടണ്‍ മെഡിക്കല്‍ സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു ലക്ഷം മാസ്കുകള്‍, ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്ക്, അഞ്ച് ലക്ഷം ജോഡി സര്‍ജിക്കല്‍ ഗ്ലൗസ്, 75 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 30 എന്റേര്‍ണല്‍ ഫീഡിങ് പമ്പുകള്‍, 21 ഡിവിഫിബ്രില്ലേറ്റര്, 4000 എന്‍ 95 മാസ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള 53 പേര് അടങ്ങിയ നാലാമത്തെ സംഘം തിങ്കളാഴ്ച എത്തിയിരുന്നു. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്. ഇതിനോടകം ഇറാനില്‍ 988 ലധികം പേര് മരിച്ചു. 14,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.