മാഹിയില്‍ കോവിഡ് ബാധിച്ചയാള്‍ കോഴിക്കോട്ട് കറങ്ങി; നഗരം ജാഗ്രതയില്‍

കോഴിക്കോട്: മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് നഗരത്തില്‍ വന്നിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 13ന് മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് വന്നിരുന്നതായാണ് സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയില്‍ എത്തിയ വ്യക്തി അഡ്മിറ്റാകാന്‍ വിസമ്മതിക്കുകയും ബഹളമുണ്ടാക്കി തിരിച്ചു പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്തു. ഇതു സംബന്ധിച്ച റൂട്ട് മാപ്പ് ഉടന്‍ തയ്യാറാക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

മാഹിയില്‍ നിന്ന് ആംബുലന്‍സിലാണ് കോഴിക്കോട്ടെ ബീച്ച് ആശുപത്രിയിലെത്തിച്ചിരുന്നത്. തുടര്‍ന്ന് പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തി തിരിച്ചുപോയി. ഇതോടെ ഗൗരവതരമായ അവസ്ഥയാണ് കോഴിക്കോട് നഗരത്തിന് നേരിടേണ്ടി വരിക. ഓട്ടോയും ട്രെയിനുമടക്കം യാത്രക്കായി അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ പശ്ചാതലത്തില്‍ ബുധനാഴ്ച മുതല്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

മാര്‍ച്ച് 13ന് ഈ പറഞ്ഞ ഇടങ്ങളില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സ്വയം സന്നദ്ധരായി ആശുപത്രിയില്‍ പരിശോധനക്ക് എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.