വിചാരിച്ചതിലും വേഗത്തില്‍ കോവിഡ്; ചെറുതല്ല വെല്ലുവിളി- കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് വിചാരിച്ചതിലും വേഗത്തില്‍ കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 8.1 ശതമാനം വര്‍ദ്ധനയാണ് പോസിറ്റീവ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 266,598 കേസുകള്‍. ഇതിനു മുമ്പുള്ള 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകളില്‍ നേരിയ കുറവുണ്ട്. 8.8 ശതമാനമായിരുന്നു അക്കാലയളവിലെ വര്‍ദ്ധന.

24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,987 കേസുകളാണ്. 266 മരണവും. 7,466 പേരാണ് ഇതുവരെ മരിച്ചത്. രണ്ടു ദിവസത്തിനിടെ ഉണ്ടായത് 7.8 ശതമാനം വര്‍ദ്ധന. എന്നാല്‍ ഇതിനു മുമ്പുള്ള രണ്ടുദിവസത്തെ കാലയളവില്‍ 9.2 ശതമാനമായിരുന്നു മരണനിരക്കിലെ വര്‍ദ്ധന.

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇരട്ടിയായി എന്ന് കണക്കുകള്‍ പറയുന്നു. 16 ദിവസം കൊണ്ടാണ് പോസിറ്റീവ് കേസുകള്‍ ഇരട്ടിയായത്. കേസുകള്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ വര്‍ദ്ധിക്കുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ താളം തെറ്റിച്ചേക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കേസുകളും മരണങ്ങളും മറ്റു കോവിഡ് ബാധിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നാലായിരത്തിലേറെ മരണം കടന്ന രാഷ്ട്രങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കീഴടങ്ങിയവര്‍ ഇന്ത്യയിലാണ്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 3169 പേര്‍. ഗുജറാത്തില്‍ 1280 പേരും ഡല്‍ഹിയില്‍ 874 പേരും മധ്യപ്രദേശില്‍ 414 പേരും മരണത്തിന് കീഴടങ്ങി. 405 പേരാണ് പശ്ചിമ ബംഗാളില്‍ മരിച്ചത്. രാജ്യത്തെ മൊത്തം മരണങ്ങളില്‍ 82 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ ഏഴു ദിവസമായി ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹരിയാന, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലാണ് ഏറ്റവും വലിയ മരണനിരക്കുള്ളത്. 6.2 ശതമാനം. 4.7 ശതമാനവുമായി പശ്ചിമബംഗാളാണ് തൊട്ടുപിന്നില്‍. രാജ്യത്തിന്റെ മൊത്തം മരണനിരക്ക് 2.8 ശതമാനമാണ്. കുറവ് മരണമുള്ളത് അസമിലും (0.1%) ഒഡിഷയിലും (0.3%) ഛത്തീസ്ഗഡിലും (0.3%).

മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അസുഖബാധിതരുള്ളത്. 44,384 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ്, 17,712 പേര്‍. 15,416 ആക്ടീവ് കേസുകളുമായി തമിഴ്‌നാടാണ് മൂന്നാമത്. 5309 കേസുകളുമായി ഗുജറാത്ത് നാലാമതുമാണ്. ചൊവ്വാഴ്ച രാവിലെ വരെ രാജ്യത്ത് 129,917 ആക്ടീവ് കേസുകളാണ് ഉള്ളത്.

SHARE