മിക്ക രാജ്യങ്ങളും കോവിഡ് വൈറസിനെ വേണ്ടവിധത്തില്‍ ഗൗരവമായി എടുക്കാത്തതായിരുന്നു സാഹചര്യം വഷളാക്കിയത്. സമ്പന്ന രാജ്യമായ അമേരിക്ക പോലും ആദ്യഘട്ടത്തില്‍ കോവിഡിനെ അവഗണിച്ചു. അതായിരുന്നു സാമൂ്യവ്യാപനത്തിലേക്കും ആയിരങ്ങളുടെ മരണത്തിനും കാരണമാക്കിയത്. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഒരു പരിധിവരെ ചെറുത്ത ജര്‍മ്മനിയെക്കുറിച്ച് അറിയേണ്ടതാണ്. സാമൂഹ്യവ്യാപനം സംഭവിച്ചിട്ടുപോലും മരണം 2100 പേരുടെ മരണത്തില്‍ ജര്‍മ്മനി ഒതുങ്ങി. എന്നാല്‍ ഇതിനേക്കാള്‍ ജനസംഖ്യ കുറവുള്ള ഇറ്റലിയില്‍ മരണസംഖ്യ 17,600 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2100 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് ജര്‍മ്മനിയിലേക്ക് വരുന്നത് ഉപ്പിലൂടെയാണ്. ജനുവരി 22ന് ജര്‍മനിയിലെ ഒരു കാര്‍ പാര്‍ട്സ് കമ്പനിയില്‍ ഉച്ചയൂണിന്റെ ഇടവേളയില്‍ ഒരു ജീവനക്കാരന് സഹപ്രവര്‍ത്തകനോട് അല്പം ഉപ്പ് ചോദിച്ചു. ഇയാള്‍ ഉപ്പ് വാങ്ങിയത് ഒരു ചൈനീസ് യുവതിയില്‍ നിന്നായിരുന്നു. അങ്ങനെയായിരുന്നു കോവിഡിന്റെ പ്രഭവസ്ഥാനം അന്വേഷിച്ചപ്പോള്‍ ജര്‍മ്മനിക്കാര്‍ക്ക് കിട്ടിയത്. ബവാറിയ എന്ന സ്ഥലത്തെ സ്റ്റോക്ഡോര്ഫിലുള്ള വെബാസ്റ്റോ എന്ന കമ്പനിയിലായിരുന്നു ഈ സംഭവം. ജീവനക്കാരുടെ ഇലക്ട്രോണിക് കലണ്ടറില്നിന്നാണ് അവരുടെ ഓരോ മിനിറ്റിലേയും ചലനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി അധികൃതര്‍ രോഗബാധിതരെ കണ്ടെത്തിയത്. അതിവേഗം ഉയരുന്ന കോവിഡ് മരണക്കണക്കുകളില്‍ പിടിയില്‍നിന്നു ജര്‍മനിയെ രക്ഷിച്ചത്.
ജനുവരി 27നാണ് ചൈനീസുകാരിയായ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വെബാസ്റ്റോ സിഇഒ ഹോല്ഗെര് എംഗല്മാന് അധികൃതരെ അറിയിച്ചത്. ഷാങ്ഹായ് സ്വദേശിയായ യുവതി കമ്പനി ആസ്ഥാനത്തു നടന്ന പരിപാടിയിലും കമ്പനിയിലെ വിവിധ പരിശീലനപരിപാടികളിലും പങ്കെടുത്തിരുന്നു. ജര്‍മനിയിലേക്കു വരുംമുന്പ് വുഹാനിലെ മാതാപിതാക്കള്‍ ചൈനയിലെ വസതിയില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു. ചൈനയില്‍ മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
യുവതിയില്‍നിന്നു ഇ-മെയിലില്‍ ഈ വിവരമറിഞ്ഞ കമ്പനി മാനേജര്‍മാര്‍ സിഇഒയെ അറിയിച്ചു. ഇതോടെയാണ് വമ്പന്‍ പരിശോധന കമ്പനിയില്‍ അരങ്ങേറിയത്. ജനുവരി 20ന് മീറ്റിങ്ങില്‍ ചൈനീസ് യുവതിയുടെ തൊട്ടടുത്തിരുന്ന ആള്‍ക്കാണ് ജര്‍മനിയില്‍ ആദ്യമായി രോഗം കണ്ടെത്തിയത്. ഇവരില്‍ നിന്നു രോഗം പകര്‍ന്നു കിട്ടിയ നാലാമനാണ് ജനുവരി 22ന് സഹപ്രവര്‍ത്തകനൊപ്പം ക്യാന്റീനില്‍ ഉച്ചഭക്ഷണം കഴിച്ചത്. ഇയാളില്‍നിന്ന് ഉപ്പു വാങ്ങിയ സഹപ്രവര്‍ത്തകനും രോഗം പകര്‍ന്നുകിട്ടിയെന്ന് പരിശോധനയില്‍ കണ്ടെത്തി. അങ്ങനെ അയാള്‍ രോഗവാഹകനായ അഞ്ചാമനായി. ജനുവരി 29ന് കമ്പനി സ്റ്റോക്ഡോര്ഫ് സൈറ്റ് താല്‍ക്കാലികമായി പൂട്ടി.
ജനുവരി 27നും ഫെബ്രുവരി 11നും ഇടയില്‍ മ്യൂണികിലെ ബവേറിയ ക്ലസ്റ്ററില്‍ 16 കോവിഡ് കേസുകളാണ് ഇതിന്റെ തുടര്‍ച്ചയായി കണ്ടെത്തിയത്. തുടര്‍ന്ന് അതിശക്തമായ നടപടികള്‍ സ്വീകരിച്ചതിലൂടെ സാമൂഹികവ്യാപനം തടയാന്‍ കഴിഞ്ഞു. സ്കൂളുകള്‍, റസ്റ്റൊറന്റുകള്‍, കളിസ്ഥലങ്ങള്‍, നിരവധി കമ്പനികള്‍ എന്നിവ അടച്ചിട്ടു. മാര്‍ച്ച് പകുതിയോടെ ബവേറിയയില്‍ സാമൂഹികസഞ്ചാരം നിര്‍ത്തിയാണ് രോഗത്തിനു മേല്‍ അധികൃതര്‍ വിജയം കണ്ടത്. ആദ്യം രോഗം കണ്ടെത്തിയ 16 പേര്‍ക്കും രോഗം ഭേദമായെന്ന ശുഭവാര്‍ത്തയും പിന്നാലെയെത്തി. 13 ലക്ഷം ടെസ്റ്റുകളാണ് കോവിഡ് രോഗനിര്‍ണയത്തിനായി ജര്‍മനി നടത്തിയത്. ഇപ്പോള്‍ ആഴ്ചയില്‍ നടത്തുന്നത് അഞ്ചു ലക്ഷം ടെസ്റ്റുകള്‍. പൂര്‍ണമായി കോവിഡ് തടയാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍കൂട്ടി നടത്തിയ നിരീക്ഷണങ്ങളിലൂടെ മരണസംഖ്യ ഏറെ കുറയ്ക്കാന്‍ ജര്‍മന്‍ അധികൃതര്‍ കഴിയുന്നു. രോഗവ്യാപനം ശക്തമായ ഇറ്റലിയിലാകട്ടെ രോഗനിര്‍ണയ പരിശോധന കുറവാണ്. ഇറ്റലിയില്‍ സാമൂഹിക വ്യാപനം കണ്ടെത്തിയ ഫെബ്രുവരി 21 മുതല്‍ ഇതുവരെ നടത്തിയത് ഏകദേശം എട്ടുലക്ഷത്തിനു മേല്‍ പരിശോധന മാത്രം. കോവിഡ് രോഗലക്ഷണം കാര്യമായി പ്രകടമായവര്‍ക്കു മാത്രം പരിശോധന നടത്തുന്ന രീതിയാണ് ഇറ്റലി പിന്തുടരുന്നത്.