28 കേസുകള്‍, മൂന്നു മരണം; ആശങ്കയുണര്‍ത്തി ധാരാവി- പുതിയ ഹോട്ട്‌സ്‌പോട്ട്?

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ചേരിയിലെ മൊത്തം കേസുകള്‍ 28 ആയി. ഇതുവരെ മൂന്നു പേരാണ് മരണത്തിന് കീഴടങ്ങിയത്. പത്തു ദിവസത്തിന് ഉള്ളിലാണ് ഇവിടത്തെ കേസുകളുടെ എണ്ണം 28ലെത്തിയത്. ഏപ്രില്‍ ഒന്നിനാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

അടിയന്തര സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രദേശത്ത് ഒരുക്കിക്കൊണ്ടിരിക്കുന്നത്. ധാരാവിയിലെ മുനിസിപ്പല്‍ സ്‌കൂളില്‍ 700 ബെഡുകളുടെ ഐസൊലേഷന്‍ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 300 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 40 പേര്‍ ചികിത്സയിലുണ്ട്.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 11 കേസില്‍ ഒരാള്‍ ദക്ഷിണ മുംബൈയിലെ ഹോട്ടലിലെ സര്‍ജന്റെ ഭാര്യയാണ്. ഇയാള്‍ക്ക് കഴിഞ്ഞയാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റൊരു കേസ് തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് വന്നയാളില്‍ നിന്ന് പടര്‍ന്നതാണ്. സമ്മേളനത്തില്‍ ധാരാവിയില്‍ നിന്ന് പങ്കെടുത്തവരുടെ പേരു വിവരങ്ങള്‍ പൊലീസ് ബി.എം.സി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. മുസ്‌ലിംനഗര്‍, കല്യാണ്‍വാഡി, മുരുഗന്‍ ചൗള്‍ എന്നിവിടങ്ങളിലാണ് മറ്റു കേസുകള്‍. മുകുന്ദ് നഗറില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അതിനിടെ, മഹാരാഷ്ട്രയില്‍ മൊത്തം 1574 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 110 പേര്‍ മരണത്തിന് കീഴടങ്ങി. നഗരത്തിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്ന നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ആരോഗ്യജീവനക്കാരുടെ കണക്കുകള്‍.