കോവിഡ് ആഫ്രിക്കയില്‍ 33 ലക്ഷം പേരെ കൊല്ലും; മുന്നറിയിപ്പുമായി യു.എന്‍

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ആഫ്രിക്കയില്‍ പടരുന്നത് തടഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രമായി ആഫ്രിക്ക മാറിയാല്‍ 33 ലക്ഷം പേര്‍ക്കു വരെ മരണം സംഭവിക്കുമെന്നാണ് യുണൈറ്റഡ് നാഷണ്‍സ് ഇകണോമിക് കമ്മിഷന്‍ ഫോര്‍ ആഫ്രിക്ക നടത്തിയ പഠനം പറയുന്നത്.

നിലവില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇരുപതിനായിരത്തോളം പോസിറ്റീവ് കേസുകളും ആയിരത്തോളം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വരുംമാസങ്ങളില്‍ ഇതില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. വൈറസ് പടരാതിരിക്കാന്‍ കടുത്ത നിയന്ത്രണ മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഭൂഖണ്ഡത്തിലെ 120 കോടി ജനങ്ങളെയും ബാധിക്കും- റിപ്പോര്‍ട്ട് പറയുന്നു.

ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് വലിയ മരണ നിരക്കിന് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പത്തു ലക്ഷം പേര്‍ക്ക് അഞ്ചു ഐ.സി.യു ബെഡുകള്‍ എന്നാണ് ആഫ്രിക്കയുടെ ശരാശരി. മഹാമാരി കൊണ്ട് വലഞ്ഞ യൂറോപ്പില്‍ പത്തു ലക്ഷം പേര്‍ക്ക് 115 ബെഡുകളാണ് ഉള്ളത്. ലോക്ക്ഡൗണുകള്‍ മൂലം പ്രയാസത്തിലായ കുടുംബങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ആറു മാസത്തിനിടെ ആഫ്രിക്കയിലെ കോവിഡ് പോസിറ്റീവ് കേസുകള്‍ പത്ത് ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

SHARE