കോവിഡ് സഹായം; കേരളത്തോട് വിവേചനം കാണിച്ച് കേന്ദ്രം രോഗബാധിതര്‍ കുറവുള്ള യു.പിക്ക് കേരളത്തേക്കാള്‍ കൂടുതല്‍ പണം

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം കാണിച്്ച കേന്ദ്രം. കോവിഡ് ബാധിതരുടെ എണ്ണം കേരളത്തില്‍ കൂടുതലായിട്ടും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവു വിഹിതമാണ് കേരളത്തിന് അനുവദിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം കുറവുള്ള ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ കൂടുതല്‍ തുക അനുവദിച്ചപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് അനുവദിച്ചത് 157 കോടിരൂപ മാത്രം.

11092 കോടിരൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതില്‍ മഹാരാഷ്ട്രക്ക് 1611 കോടി രൂപയാണ് നല്‍കിയത്. അതേസമയം ഉത്തര്‍ പ്രദേശിന് 966 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഒഡീഷ രാജസ്ഥാന്‍ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 800 കോടിയിലധികം രൂപയും അനുവദിച്ചിട്ടുണ്ട്.

അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിനും കര്‍ണാടകയ്ക്കും തമിഴ്നാടിനും 500 കോടിയിലധികവും അനുവദിച്ചിട്ടുണ്ട്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സംസ്ഥാന മുഖ്യമന്ത്രിമാരൊക്കെ തന്നെ പ്രധാനമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ തന്നെ നല്‍കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 15ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ആദ്യ ഗഡുവാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.