കോവിഡ് പ്രതിരോധ ഓണ്‍ലൈന്‍ ഹാക്കത്തോണ്‍; ജേതാക്കളായി മലയാളി വിദ്യാര്‍ഥികള്‍

കൊച്ചി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാര്‍ഥികള്‍. ടിഐഇ മുംബൈ, ഐഎഎംഎഐ സ്റ്റാര്‍ട്ട്അപ്പ് ഫൗണ്ടേഷന്‍, മുംബൈ ഏഞ്ചല്‍സ് നെറ്റ്‌വര്‍ക്ക്, അസോസിയേഷന്‍ ഓഫ് ഡിസൈനേഴ്‌സ് ഓഫ് ഇന്ത്യ, സ്റ്റുമാഗ്‌സ് ആന്‍ഡ് ഗേള്‍സ്‌ക്രിപ്റ്റ് എന്നിവരുമായി ചേര്‍ന്ന് മോത്‌വാനി ജഡേജ ഫൗണ്ടേഷന്‍ കോഡ് 19 എന്ന പേരില്‍ സംഘടിപ്പിച്ച 72 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഹാക്കത്തോണിലാണ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളജിലെ ശില്‍പ രാജീവ്, സി. അഭിനന്ദ് എന്നിവരടങ്ങുന്ന ടീം പതിനായിരം ഡോളര്‍ (എകദേശം ഏഴര ലക്ഷം രൂപ) ഒന്നാം സമ്മാനം നേടിയത്.

ഇന്ത്യയിലെയും വിദേശത്തെയും ആയിരക്കണക്കിന് ഡെവലപ്പര്‍മാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മത്സരത്തിലാണ് മലയാളി വിദ്യാര്‍ഥികളുടെ നേട്ടം. മില്ലേനിയല്‍ തലമുറയ്ക്കായുള്ള ആധുനിക സാങ്കല്‍പ്പിക ക്ലാസ്‌റൂം ഉള്‍പ്പെട്ട ഐ ക്ലാസ്‌റൂം എന്ന പ്രൊജക്ടായിരുന്നു സമ്മാനം നേടിയ ഇവരുടെ എന്‍ട്രി. പകര്‍ച്ചവ്യാധിയുടെ കാലത്ത് വിദ്യാര്‍ഥികളെ അധ്യാപകരുമായി സോഷ്യല്‍ മീഡിയ ഇന്റര്‍ഫേസിലൂടെ ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഇവര്‍ കണ്ടെത്തിയത്. ആകര്‍ഷകമായ സോഷ്യല്‍ മീഡിയ പോലൊരു പ്ലാറ്റ്‌ഫോമിലൂടെ പഠനം എളുപ്പമാക്കുന്ന സാങ്കല്‍പ്പിക ക്ലാസ്‌റൂമാണ് തങ്ങള്‍ ഒരുക്കിയതെന്ന് ശില്‍പയും അഭിനന്ദും പറഞ്ഞു. ഈ സംവിധാനം വഴി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം വിനിമയത്തിലൂടെ സംശയങ്ങള്‍ തീര്‍ക്കാനും സഹായിക്കാനും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും സാധിക്കും.

ഒന്നിലധികം ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം എല്ലാ പഠന സമൂഹങ്ങള്‍ക്കും പരസ്പരം ഇടപഴകുന്നതിനും ഉപകരണങ്ങള്‍ പങ്കിടുന്നതിനും തെരഞ്ഞെടുത്ത കോഴ്‌സുകളിലെ പുരോഗതിയുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുമുള്ള പ്രായോഗിക പരിഹാരമായാണ് തങ്ങള്‍ ഈ പ്ലാറ്റ്‌ഫോം നിര്‍മിച്ചതെന്നും ഇരുവരും പറഞ്ഞു. ഉപകാരപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ സംയോജിപ്പിച്ച് ഐക്ലാസ്‌റൂമിന്റെ പ്രവര്‍ത്തനംകൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇരുവരും ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ്. പയ്യന്നൂര്‍ കാങ്കോലില്‍ അധ്യാപകനായ പി.വി രാജീവന്റെയും കെ.പി സുഷമ്മയുടെയും മകളാണ് ശില്‍പ. ചിറ്റാരിപറമ്പ മുടപത്തൂരില്‍ പി.അശോകന്റെയും (ഇന്ത്യന്‍ ആര്‍മി) സി.ജയശ്രീയുടെയും മകനാണ് അഭിനന്ദ്.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ആറു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കോവിഡ്19ന്റെ വിദൂര രോഗ നിര്‍ണയ പ്രൊജക്ടിനാണ് രണ്ടാം സമ്മാനം. സാമൂഹ്യ അകലം ഗെയിമായി മാറ്റി വീട്ടിലിരുന്ന് റിവാര്‍ഡുകള്‍ സ്വന്തമാക്കി വ്യാപാരികളില്‍ നിന്നും നേട്ടമുണ്ടാക്കാവുന്ന സോളോ കോയിന്‍, പകര്‍ച്ച വ്യാധിയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാനും യാഥാര്‍ഥ വിവരങ്ങള്‍ മനസിലാക്കാനും കഴിയുന്ന കോവിഡ്19 ഫാസ്റ്റ് ചെക്കര്‍, ഏറ്റവും അടുത്തുള്ള കടക്കാരുമായും വിതരണക്കാരുമായും ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഗ്രേപ്പ് കമ്യൂണിറ്റി എന്നിവയാണ് മൂന്നാം സ്ഥാനം നേടിയ മൂന്നു പ്രൊജക്ടുകള്‍.

SHARE