കോവിഡ്; ഒരുക്കങ്ങള്‍ക്ക് പകിട്ട് കുറവ്; റമസാനെ വരവേല്‍ക്കാന്‍ സഊദി

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍ സഊദിയിലെ വിശ്വാസി സമൂഹം തയ്യാറെടുത്തു.
സ്വദേശികളും വിദേശികളും ആത്മവിശുദ്ധിയുടെ നാളുകളെ പുല്‍കാന്‍ മാനസികമായി തയ്യാറെടുത്തുവെങ്കിലും കോവിഡിന്റെ പിടിയിലകപ്പെട്ട രാജ്യത്തിന്റെ നിയന്ത്രണങ്ങളില്‍ പെട്ട് റമദാന്‍ മാസത്തില്‍ അനുഭവപ്പെടാറുള്ള തിരക്ക് ഇത്തവണ എവിടെയുമില്ല. രാജ്യമെങ്ങും കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതിയില്ലാത്തത് മുന്‍കാലങ്ങളെ പോലെ വിശുദ്ധ മാസത്തിന്റെ ഒരുക്കങ്ങള്‍ക്ക് പകിട്ട് കുറച്ചു . സഊദിയില്‍ പുണ്യ മാസം സമാഗതമായാല്‍ രാപകലുകള്‍ പട്ടണങ്ങളും പള്ളികളുമെല്ലാം സജീവമായിരുന്നു. സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ ഉച്ചക്ക് ളുഹര്‍ നിസ്‌കാരം വരെ മാത്രം വിശ്രമമായിരുന്നു . എന്നാല്‍ കോവിഡ് മുന്‍കരുതല്‍ മൂലം എല്ലാ കാര്യങ്ങള്‍ക്കും വിലക്കുള്ളതിനാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇക്കൊല്ലത്തെ റമദാന്‍ വീടുകളില്‍ മാത്രം കഴിച്ചുകൂട്ടേണ്ടി വരും. നിസ്‌കാരങ്ങളും വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിക്കാന്‍ കഴിഞ്ഞ ദിവസം സഊദി ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തിരുന്നു. പുണ്യമാസത്തിന്റെ ആഗമനത്തെ പ്രാര്‍ത്ഥനാ നിര്ഭരമായ മനസ്സുമായി സഊദി ജനത സ്വീകരിക്കുമ്പോള്‍ ആശങ്കയിലും ആധിയിലുമാണെങ്കിലും പ്രവാസി സമൂഹവും ആത്മഹര്ഷത്തോടെ തന്നെയാണ് കാത്തിരിക്കുന്നത് . വ്യാഴാഴ്ച റമദാന്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സഊദി സുപ്രിം കോര്‍ട്ട് ആഹ്വനം ചെയ്തിട്ടുണ്ട്.

റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് . 24 മണിക്കൂര്‍ കര്‍ഫ്യൂ നിലവില്ലാത്ത ഭാഗങ്ങളില്‍ വൈകീട്ട് അഞ്ച് മുതല്‍ പിറ്റേന്ന് രാവിലെ ഒമ്പത് വരെയാണ് സമയ മാറ്റം .
നേരത്തെ ഇത് ഉച്ചക്ക് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു.രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങുന്നതിന് അനുമതിയുണ്ട്. എന്നാല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭക്ഷണ വസ്തുക്കള്‍ , വൈദ്യസഹായം തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാവുന്നതാണ്. അതെ സമയം കര്‍ഫ്യൂ കര്‍ശനമാക്കിയ ഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേക അനുമതി ലഭിച്ചാലല്ലാതെ തീരെ പുറത്തിറങ്ങാന്‍ അനുമതിയില്ല

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദിയുടെ എല്ലാ ഭാഗങ്ങളിലും പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് നിസ്‌കാരം വിലക്കിയത് തുടരും. മക്കയിലും മദീനയിലും ഇരു ഹറമുകളില്‍ നിസ്‌ക്കാരമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് അനുമതിയില്ല. നിലവില്‍ ഹറമിലെ ജീവനക്കാരും തൊഴിലാളികളും മാത്രമാണ് നിസ്‌കാരത്തില്‍ പങ്കെടുക്കുന്നത് . തറാവീഹ് നിസ്‌കാരം ഇരു ഹറമുകളിലും നടത്താന്‍ സഊദി ഭരാണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. ഹറമുകളില്‍ പൊതുജനങ്ങള്‍ക്ക് തറാവീഹിനും അനുമതിയില്ല. വീട്ടില്‍ വെച്ച് നിസ്‌കരിക്കാനാണ് നിര്‍ദേശം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തറാവീഹ് നിസ്‌കാരമെന്ന് ഇരു ഹറം കാര്യാലയ മേധാവി ഡോ ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചിട്ടുണ്ട്. ഇരുപത് റക്അത്തിന് പകരം പത്ത് റക്അത്താക്കി ചുരുക്കി നിസ്‌കരിക്കും. ആദ്യത്തെ ആറ് റക്അത്തിന് ഒന്നാമത്തെ ഇമാമും പിന്നീടുള്ള നാല് റക്അത്തിനും വിത്റിനും രണ്ടാമത്തെ ഇമാമും നേതൃത്വം നല്‍കും . ഈ വര്ഷം ഇഅതികാഫ് ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ മാസത്തെ സ്വീകരിക്കാന്‍ ആഴ്ചകള്‍ മുമ്പേ ഒരുക്കങ്ങള്‍ നടത്തിവരാറുള്ള സ്വദേശി വിദേശി സമൂഹത്തിന് കോവിഡ് സമ്മാനിച്ചത് ആശങ്കയുടെയും വറുതിയുടെയും ദിനങ്ങള്‍ , ആരാധന കര്‍മ്മങ്ങള്‍ പോലും പള്ളികളില്‍ നിര്‍വഹിക്കാന്‍ കഴിയാത്തത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിട്ടാണ് സഊദി പൗരന്മാരും പ്രവാസികളും കാണുന്നത്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇത്തരത്തിലുള്ള ഒരു വ്രതാനുഷ്ഠാനം ഇതാദ്യമാണെന്നു മുതിര്‍ന്നവര്‍ പറയുന്നു. ഇക്കൊല്ലത്തെ റമദാനില്‍ പള്ളികളിലെ നിര്ബന്ധ നിസ്‌കാരങ്ങള്‍ , തറാവീഹ് , ഉംറ നിര്‍വഹിക്കല്‍, ഇരു ഹറമുകളിലും പള്ളികളിലും ഇഅതികാഫ് ഇരിക്കല്‍ തുടങ്ങി എല്ലാം നിഷേധിക്കപ്പെട്ട സാഹചര്യം മറ്റ് ഒട്ടേറെ പ്രതിസന്ധികള്‍ക്കൊപ്പം കോവിഡ് വിശ്വാസി സമൂഹത്തിന്ന് നല്‍കിയ പരീക്ഷണങ്ങള്‍ അവര്‍ണ്ണനീയമാണ്. സാമൂഹിക അകലം പാലിക്കുകയെന്ന സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിച്ചു എല്ലാം സര്‍വശക്തനായ അലാഹുവില്‍ അര്‍പ്പിച്ച് മഹാമാരിയില്‍ നിന്ന് ലോകജനതയെയും ആഗോള രാജ്യങ്ങളെയും സംരക്ഷിക്കാനുള്ള പ്രാര്‍ത്ഥനുമായിട്ടാണ് പുണ്യമാസത്തെ പ്രവാസികള്‍ കാത്തിരിക്കുന്നത്.

SHARE