കോവിഡിന് ഗള്‍ഫിനെ തളര്‍ത്താനാവില്ല; സമ്പദ് രംഗം അടുത്ത വര്‍ഷം തിരിച്ചുവരുമെന്ന് ഐ.എം.എഫ്

ദുബൈ: കോവിഡ് വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ഗള്‍ഫിനെ അധികനാള്‍ ബാധിക്കില്ലെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളുടെ ജി.ഡി.പിയിലും കുറവുണ്ടാകുമെങ്കിലും അടുത്ത വര്‍ഷം വളര്‍ച്ച തിരിച്ചു പിടിക്കും എന്നാണ് ഐ.എം.എഫ് പറയുന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട വേള്‍ഡ് എകണോമിക് ഔട്ട്‌ലുക്കിലാണ് പ്രവചനം.

ഈ വര്‍ഷം യു.എ.ഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 3.5 ശതമാനം കുറവുണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ 2021ല്‍ 3.3 ശതമാനം വളര്‍ച്ചയോടെ തിരിച്ചുവരും. മേഖലയില്‍ ഇറാന്റെ സാമ്പത്തിക മേഖലയെ ആണ് കോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇറാന്റെ ജി.ഡി.പിയില്‍ ആറു ശതമാനം കുറവുണ്ടാകുമെന്നാണ് പ്രവചനം.

മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദിയുടെ ജി.ഡി.പിയില്‍ 3.9 ശതമാനം കുറവുണ്ടാകും. ഖത്തറിന് 4.3 ശതമാനവും കുവൈത്തിന് 1.1 ശതമാനവും ഒമാന് 2.8 ശതമാനവും ഇടിവുണ്ടാകും. എണ്ണ വിലയിലെ വര്‍ദ്ധനവ്, എണ്ണയേതര മേഖലയിലെ വളര്‍ച്ച എന്നിവ മൂലം മേഖലയിലെ എല്ലാ സമ്പദ് വ്യവസ്ഥയും ശക്തമായി തിരിച്ചുവരുമെന്ന് ഐ.എം.എഫ് പറയുന്നു.

സൗദി അറേബ്യയുടെ ജി.ഡി.പിയില്‍ 2.9 ശതമാനത്തിന്റെയും ഖത്തറിന്റേതില്‍ അഞ്ചു ശതമാനത്തിന്റെയും വളര്‍ച്ചയാണ് രേഖപ്പെടുത്തുക. ഈ സാമ്പത്തിക വര്‍ഷം 1.1 ശതമാനം ഇടിവ് രേഖപ്പെടുത്തുന്ന കുവൈത്തില്‍ 2021ല്‍ 3.4 ശതമാനം വളര്‍ച്ചയുണ്ടാകും. ഒമാന്റെ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം മൂന്ന് ശതമാനം വളര്‍ച്ച കൈവരിക്കും.

മദ്ധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി ഏകദേശം 3.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തുക. നാലു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വീഴ്ചയായിരിക്കും ഇത്. എണ്ണ വിലയിടിവും ഗള്‍ഫിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും. ഈ വര്‍ഷം അറബ് രാഷ്ട്രങ്ങളുടെ മൊത്തം കടം 190 ബില്യണ്‍ യു.എസ് ഡോളറായി വര്‍ദ്ധിക്കും.

ആഗോളതലത്തില്‍ മൂന്നു ശതമാനം ഇടിവ്

2008-09ലെ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ വലിയ തകര്‍ച്ചയാണ് കോവിഡിന് ശേഷം ഉണ്ടാകുക എന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. ആഗോള സമ്പദ് വ്യവസ്ഥയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് പ്രവചനം.

2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം നഷ്ടം ഒമ്പത് ലക്ഷം കോടി യു.എസ് ഡോളര്‍ വരും. ഏകദേശം ജര്‍മനിയും ജപ്പാനും ചേര്‍ന്നാലുള്ള സമ്പദ് വ്യവസ്ഥയുടെ അത്രയും വരുമിത്. 2007ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് വികസിത-വികസ്വര രാഷ്ട്രങ്ങള്‍ ഒന്നിച്ച് മാന്ദ്യത്തിലേക്ക് പോകുന്നത്. മഹാമാരി കുറഞ്ഞില്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ മൂന്നു ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക. 2021ലേക്ക് പ്രതിസന്ധി കടന്നാല്‍ ആഗോള ജി.ഡി.പിയില്‍ എട്ടു ശതമാനത്തോളം കുറവുണ്ടാകും-

ഗീത ഗോപിനാഥ്
ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ

മഹാമാരി ബാധിച്ചെങ്കിലും ചൈനയ്ക്കും ഇന്ത്യയ്ക്കും മികച്ച ഭാവിയാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഏഷ്യയില്‍ മേഖലയില്‍ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാകും. യു.എസ്, യു.കെ, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെല്ലാം ഈ വര്‍ഷം തിരിച്ചടി നേരിടുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.