കോവിഡ് ബാധിത രാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്

ആഗോളതലത്തില്‍ കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷത്തിലേക്കെത്തിയതോടെയാണ് ഇത്. മരണ സംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു.വ്യാഴാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം 4,711 മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ചൈനയില്‍ ഇതുവരെ 4,634 പേരാണ് മരിച്ചത്.

ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗബാധ വ്യാപിക്കുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറാകുമ്പോളാണ് കോവിഡ് കേസുകളുടെ കുതിപ്പ് ഉണ്ടായിരിക്കുന്നത്.ലോകത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍ 17 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉള്ള രാജ്യങ്ങള്‍ ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയാണ്. തുര്‍ക്കി ഇപ്പോള്‍ പത്താം സ്ഥാനത്തും ചൈന 14ാം സ്ഥാനത്തുമാണ്.

മരണസംഖ്യയിലും യുഎസ് ഒന്നാമതാണ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. യുകെ, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മ്മനി, ഇറാന്‍ എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍.

SHARE