കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടര്‍മാര്‍ക്ക് കഴിക്കാന്‍ നല്‍കിയത് പുഴുവരിച്ച ഭക്ഷണം

ലഖ്‌നൗ: കോവിഡ്19 ഡ്യൂട്ടിക്കിടെ ഡോക്ടമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുഴുവരിച്ച ഭക്ഷണമാണ് നല്‍കിയതെന്ന് പരാതി. ലഖ്‌നൗവിലെ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോശമായ താമസ സൗകര്യമാണ് തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

മിക്കപ്പോഴും തങ്ങള്‍ക്ക് പുഴുവരിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വിശ്രമത്തിനായി ലഭിച്ചിരിക്കുന്ന സ്ഥലത്തെ ഫാന്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും ഡോ നീരജ് മിശ്ര പറഞ്ഞു. കിങ് ജോര്‍ജ്ജ് ആരോഗ്യ സര്‍വ്വകലാശാലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പുഴുവരിച്ച ഭക്ഷണം ലഭിച്ചത്. തങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ വൈസ് ചാന്‍സ്ലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

ഇതേ ആശുപത്രിയിലെ ക്വാറന്റൈന്‍ സെന്ററില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളിക്ക് പുഴു അടങ്ങിയ ഭക്ഷണമാണ് ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണ പാക്കറ്റുകളിലെ പുഴുക്കള്‍ അധികൃതരുടെ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് കഴിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖം വരാന്‍ സാധ്യതയുണ്ട്. കോവിഡ്19 ഡ്യൂട്ടിയുമായി ആശുപത്രിയില്‍ തങ്ങുന്ന ജീവനക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കണമെന്ന് വൈസ് ചാന്‍സ്ലറെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിക്കുമെന്ന് നഴ്‌സുമാരുടെ നേതാവായ യദുനന്ദിനി സിങ് പറഞ്ഞു.

ബസ്ദി ജില്ലയിലെ ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച മോശം ഭക്ഷണത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 14 ദിവസത്തെ കോവിഡ്19 ഡ്യൂട്ടിക്കായി ആശുപത്രിയില്‍ത്തന്നെ നില്‍ക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്ല ഭക്ഷണം ലഭിക്കേണ്ടതുണ്ട്. മോശം ഭക്ഷണം മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഡോക്ട!ര്‍മാരുടെ സംഘടനയായ പ്രൊവിന്‍ഷ്യല്‍ മെഡിക്കല്‍ സര്‍വ്വീസ് അസോസിയേഷന്‍ നേതാവായ ഡോക്ടര്‍ അമിത് സിങ് പറഞ്ഞു.

SHARE