കോവിഡ് ബാധിച്ച് മരിച്ചയാളുടെ ആശുപത്രി ബില്‍ 14 ലക്ഷം; ഞെട്ടി വീട്ടുകാര്‍


കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് 14 ലക്ഷം രൂപയുടെ ഭീമമായ ആശുപത്രി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് നോയിഡയിലെ ഒരു കുടുംബം. രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിനൊപ്പം ഇരുട്ടടിയായി ആശുപത്രി ബില്ല് കൂടി വന്നതോടെ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് കുടുംബം.

നോയിഡ സ്വദേശിയും യുനാനി ചികിത്സകനുമായ രോഗിയെ ജൂണ്‍ 7നാണ് ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞതടക്കം 20 ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് രോഗം മൂര്‍ച്ഛിച്ച് ഇദ്ദേഹം മരണമടയുന്നത്. മരണവിവരം അറിയിച്ചതിന് തൊട്ടുപിന്നാലെ 14 ലക്ഷം രൂപയുടെ ബില്ലും ആശുപത്രി അധികൃതര്‍ നല്‍കി. പിന്നീട് ഇന്‍ഷുറന്‍സ് 4 ലക്ഷം രൂപയും കുടുംബം 25,000 രൂപയും നല്‍കിയതിനെ തുടര്‍ന്ന് 10.2 ലക്ഷം രൂപയായി ബില്‍ കുറച്ചു.

സര്‍ക്കാരുമായുള്ള ധാരണാപത്രം അനുസരിച്ച് ആശുപത്രി ഈടാക്കുന്ന ബില്ലുകള്‍ സുതാര്യവും കിഴിവുള്ളതും സിജിഎച്ച്എസ് (കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി) താരിഫുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഓരോ ഘട്ടത്തിലും ചികിത്സയുടെ വിശദാംശങ്ങളെക്കുറിച്ചും രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചും കുടുംബത്തെ അറിയിക്കുകയും വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നതായും ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല ബില്‍ തുകയെക്കുറിച്ചും കുടുംബത്തിന് സൂചന നല്‍കിയിരുന്നതായും അതുകൊണ്ട് ഇതില്‍ മാറ്റമുണ്ടാകില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഗൌതം ബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

ഈയിടെ മുംബൈയിലും സമാന സംഭവം നടന്നിരുന്നു. കോവിഡിന് ചികിത്സ നേടിയ രോഗിയുടെ കുടുംബത്തിന് 16 ലക്ഷം രൂപയുടെ ആശുപത്രി ബില്ലാണ് ലഭിച്ചത്. ജൂഹുവിലെ നാനാവതി ആശുപത്രിയാണ് വന്‍തുക ബില്ലായി ഈടാക്കിയത്. മാര്‍ച്ച് 31 ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഏപ്രില്‍ 15ന് മരണമടയുകയും ചെയ്തിരുന്നു.

SHARE