ലോകത്ത് കോവിഡ് മരണം 6.25 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ അമേരിക്കയിലും ബ്രസീലിലും ആയിരത്തിലേറെ മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മരണം 6.25 ലക്ഷം കടന്നു. ആകെ രോഗികള്‍ ഒരു കോടി 53 ലക്ഷത്തി 52 ആയിരം കവിഞ്ഞു. 24മണിക്കൂറിനിടെ 66,853 പേര്‍ക്ക് അമേരിക്കയിലും, 65,339 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേരാണ് മരിച്ചു. അമേരിക്കയില്‍ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്‌നാട്ടില്‍ അയ്യായിരവും കടന്നു. ആകെ രോഗികള്‍ എഴുപത്തി അയ്യായിരം കടന്ന കര്‍ണ്ണാടകത്തില്‍ മരണം ആയിരത്തി അഞ്ഞൂറ് പിന്നിട്ടു.

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി.

SHARE