ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു


ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു.

കൊവിഡ് മരണങ്ങളെ തടുക്കാനാകാതെ നട്ടം തിരിയുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ 683 മരണം. 7503 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 5210 പുതിയ കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനിലും മരണനിരക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 656 പേര്‍ മരിച്ചു. ഏഴായിരത്തി അഞ്ചൂറോളം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോലും രോഗം ബാധിച്ച് മരിക്കുകയാണ്. ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യമായ നെതര്‍ലെന്‍ഡിലും സ്ഥിതി ഗുരുതരമാണ്. 24 മണിക്കൂറിനിടെ 80 ആളുകളാണ് മരിച്ചത്. 852 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അമേരിക്കയില്‍ 151 പേരും ഇറാനില്‍ 143 പേരും കൊവിഡിന് കീഴടങ്ങി. സമൂഹ്യവ്യാപനം ശക്തമായ ഇറാനില്‍ ഇതുവരെ 2,077 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ലോകത്താകെ 20,912 പേരാണ് ഇതുവരെ മരിച്ചത്. 4,63,418 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനില്‍ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉപപ്രധാനമന്ത്രിമാരിലൊരാളായ കാര്‍മെന്‍ കാല്‍വോയ്ക്കാണ് രോഗബാധ. കൊവിഡ് പടരുന്നത് തടയാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു. ഉപജീവനമാര്‍ഗം തടസപ്പെട്ടവര്‍ക്കുള്ള പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും.

SHARE