മലപ്പുറം സ്വദേശി ബുറൈദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ബുറൈദ : കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി ബുറൈദയില്‍ മരിച്ചു. എടവണ്ണ ഒതായി സ്വദേശി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55)യാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ന്യുമോണിയയും, ഷുഗറും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്.

കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാന്‍ കുട്ടി അല്‍വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു.ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു. കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുന്‍പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോവാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

മുഹമ്മദ്, നബീസ ദമ്പതികളുടെ മകനാണ്.ഭാര്യ :സുലൈഖ. ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍ മക്കളാണ് .റൗഫ് (സൗദി), സഫി പാവണ്ണ എന്നിവര്‍ മരുമക്കളാണ്. ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്‌

SHARE