റാസല്‍ഖൈമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മകന് സര്‍പ്രൈസ് സമ്മാനവുമായി നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി പരേതരായ കണാരന് മഞ്ചക്കല്‍ ജാനു ദമ്പതികളുടെ മകന് പവിത്രനാണ് മരിച്ചത്. 50 വയസായിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ റാസല്‍ഖൈമയില്‍ സംസ്കരിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 11:40ന് കോഴിക്കോട്ടേക്കുള്ള സ്പെഷല്‍ ജെറ്റില്‍ യാത്രയാകാന്‍ അജ്മാനില്‍ നിന്ന് ബസ് മാര്‍ഗം എത്തിയതാണ് പവിത്രന്. രണ്ടുവര്‍ഷം മുമ്പ് യു.എ.ഇയിലെത്തിയ ഇദ്ദേഹം അജ്മാനില്‍ ഗോള്‍ഡ് സ്മിത്ത് വര്‍ക് ചെയ്തുവരികയായിരുന്നു. നാലു മാസമായി ജോലിയുണ്ടായിരുന്നില്ല. റാക് ചേതന പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വിമാന ടിക്കറ്റ് തരപ്പെടുത്തിയത്. മകന് ധനൂപിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നു.
ഭര്‍ത്താവിന് ക്വാറന്റീന് ഒരുക്കി കാത്തിരിക്കുകയായിരുന്നു ഭാര്യ സുമിത്ര. അയല്‍വാസിയില്‍ ന്ിന്ന് പണം കടം വാങ്ങിയാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിക്ക് സൗകര്യം ഒരുക്കിയിരുന്നത്. മക്കള്‍ ധനുഷ ധനൂപ്, ധമന്യ. സഹോദരങ്ങള്‍ രവീന്ദ്രന്, ശോഭ.