34 വര്‍ഷം പ്രവാസി; ഒടുവില്‍ കോവിഡിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ നിളാബുദീന് കടം ബാക്കി

34 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഒടുവില്‍ കോവിഡിന് കീഴടങ്ങുമ്പോള്‍ നിളാബുദീന്റെ സമ്പാദ്യം ഒരു വീടും കുറച്ചു കടവും. ഭൂരിഭാഗം പ്രവാസികളുടെയും പ്രതിനിധിയായി ഇതാ ഒരാള്‍ കൂടി. ദുബായില്‍ 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവിലാണ് കഴിഞ്ഞ മാസം 12ന് തിരുവനന്തപുരം ആറ്റിങ്ങല്‍ വാളക്കാട് സ്വദേശി നിളാബുദീന്‍ (55) കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതനായിരുന്നതിനാല്‍ മരുഭൂമിയില്‍ത്തന്നെ മണ്ണടിയേണ്ടിയും വന്നു.

ആദ്യത്തെ 10 വര്‍ഷമൊഴികെ ബാക്കി വര്‍ഷങ്ങള്‍ ദുബായില്‍ അബ്രയിലെ ചെറിയ കഫെറ്റീരിയയില്‍ ഒരേ തൊഴിലുടമയുടെ കീഴിലായിരുന്നു നിളാബുദീന്‍. കൊച്ചു കടമുറിയില്‍ ഉരുകിത്തീര്‍ന്ന് നേടിയ തുച്ഛമായ വരുമാനം കൊണ്ട് കുറച്ചു വസ്തു മേടിച്ച് 10വര്‍ഷം മുന്‍പു നാട്ടില്‍ വീടു വച്ചു. വീടിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിച്ചു തുടങ്ങിയപ്പോള്‍ ഷീറ്റിടാന്‍ വാങ്ങിയ കടം വീട്ടും മുന്‍പേ കോവിഡ് ജീവിതം കവര്‍ന്നു. ഭാര്യ നദീറയും മൂന്ന് ആണ്‍മക്കളും അടങ്ങുന്ന കുടുംബം ബന്ധുക്കളുടെ കാരുണ്യത്തിലാണ് കഴിയുന്നത്.

മൂത്തമകന്‍ നിഹാസ് ഹോട്ടല്‍ മാനേജ്‌മെന്റ് കഴിഞ്ഞ് അടുത്ത കോഴ്‌സിന് ചേര്‍ന്നു. രണ്ടാമത്തെ മകന്‍ നിഷാദ് ഡിഗ്രിക്കും മൂന്നാമത്തെയാള്‍ നിസാര്‍ പ്ലസ് വണ്ണിനും. ഇവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാം ഇനി ചോദ്യചിഹ്നം.നോര്‍ക്ക വഴി എന്തെങ്കിലും സഹായം കുടുംബത്തിന് ലഭിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

SHARE