ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ മണിക്കൂറിലും ശരാശരി 196 പേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നതായി റിപ്പോര്‍ട്ട്. മരണത്തില്‍ മൂന്നിലൊന്ന് അമേരിക്കയിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് മരണസംഖ്യ അഞ്ച് ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.
നിലവില്‍ ആഗോളതലത്തില്‍ മരണനിരക്ക് കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എല്ലാ 24 മണിക്കൂറിലും ശരാശരി 4700 പേര്‍ വീതമാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 27 വരെയുളള റോയിട്ടേഴ്‌സ് ഡേറ്റയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അമേരിക്കയ്ക്ക് പുറമേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. യൂറോപ്പിനെ കടത്തിവെട്ടിയാണ് ലാറ്റിന്‍ അമേരിക്ക കുതിക്കുന്നത്. മഹാമാരി ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ മേഖലയായാണ് ലാറ്റിന്‍ അമേരിക്ക മാറുന്നത്. കോവിഡ് മൂലം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതാണ് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഭീഷണിയാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.