മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ, കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീന് എന്നിവരാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.
കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് പെരുമണ്ണ സ്വദേശിനി ഖദീജ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അവിടെവച്ചു നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. കൊവിഡ് ന്യൂമോണിയയും മറ്റ് അസുഖങ്ങളും കണ്ടെത്തിയതോടെ വെന്റിലേറ്റര്‍ ചികിത്സ നല്‍കിയെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു.
ഹൃദയ-കിഡ്നി സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്ന കൊട്ടുകര സ്വദേശി മൊയ്തീന് ശക്തമായ ശ്വാസം മുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയും ഇന്നലെ രാത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മൊയ്തീന് രോഗബാധിതനായത്. രോഗ വ്യാപന ഭീതി നിലനില്‍ക്കുന്ന കൊണ്ടോട്ടിയിലേ നാലാമത്തെ മരണമാണ് ഇത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനാറായി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ആണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. നേരത്തെ ഒറ്റപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ വ്യാപകമായി സമ്പര്‍ക്ക രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോല്‍ അതില്‍ 118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.