തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയി മരിച്ച എല്ലാവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കോവിഡ് പോസിറ്റീവ് ആയി മരിച്ച 39 പേരെ ഇതുവരെ സര്‍ക്കാരിന്റെ പട്ടികയില്‍ പെടുത്തിയിട്ടില്ല. ഇതില്‍ 31 പേരും ജൂലൈ 20നു ശേഷം മരിച്ചവരാണ്. ആരോഗ്യവകുപ്പിന്റെ ദിവസേനയുള്ള ബുള്ളറ്റിനില്‍ ഈ മരണങ്ങള് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഒഴിവാക്കി. കോവിഡ് പോസിറ്റീവ് ആയി മരിച്ചവരില്‍ 30 ശതമാനത്തിലേറെപ്പേരുടെ മരണകാരണം കോവിഡ് അല്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. 82 പേരാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.
പ്ലാസ്മ തെറപ്പി നല്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചവര്‍ പോലും സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് പുറത്തായി. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണു കോവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഇതു ശരിയല്ലെന്നു മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കോവിഡ് മരണങ്ങള് സംബന്ധിച്ച് കൃത്യവും വ്യക്തവുമായി മാര്‍ഗരേഖയാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയിരിക്കുന്നത്. അപകടമരണം പോലെ തികച്ചും വ്യത്യസ്തമായ കാരണം കൊണ്ടല്ല കോവിഡ് നിര്‍ണയിച്ച ഒരാള്‍ മരിക്കുന്നതെങ്കില്‍ അതു കോവിഡ് മൂലമുള്ള മരണമായി കണക്കാക്കണം, കോവിഡ് ബാധയെ തീവ്രമാക്കാന്‍ സാധ്യതയുള്ള കാന്‍സര്‍ പോലെയുള്ള മറ്റു രോഗം കൂടിയുണ്ടെങ്കിലും മരണകാരണം അതാണെന്നു പറയാന്‍ പറ്റില്ല, മരണം സംഭവിച്ചതു ഹൃദ്രോഗം പോലെ മറ്റേതെങ്കിലും നേരിട്ടുള്ള കാരണം കൊണ്ടാവുകയും കോവിഡ് ബാധ അതിനു സഹായകമാകുകയും ചെയ്താല്‍ മരണത്തിലേക്കു നയിച്ച രണ്ടാമത്തെ കാരണമായി കോവിഡ് രേഖപ്പെടുത്തണം. തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതെല്ലാം തള്ളിക്കളഞ്ഞ് സ്വന്തം താല്പര്യത്തിന് പട്ടിക തയ്യാറാക്കിയ ശേഷം ലോകാരോഗ്യ സംഘടനയുടെ മേല്‍ ഉത്തരവാദിത്തം കെട്ടിവെക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.