കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മൂന്ന് കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് രണ്ടു പേർ വടകര, ഫറോക്ക് സ്വദേശികളാണ്.
ന്യുമോണിയ ബാധിച്ച് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട വടകര തട്ടോളിക്കര നടുചാലില്‍ പുരുഷോത്തമന് (63) ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ചോമ്പാലയിലെ ജീപ്പ് ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഫറോക്ക് സ്വദേശി പ്രഭാകരൻ (73) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രണ്ടാമത്തെ ആൾ.
രാമനാട്ടുകരയില്‍ മകളുടെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.