കൊച്ചിയില്‍ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാകും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുക. പത്ത് പേരില്‍ താഴെ മാത്രമേ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളു. എല്ലാ സുര്കഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാകും ഇദ്ദേഹത്തിന്റെ സംസ്കാരം നടത്തുക. ജില്ലാ ഭരണകൂടം നേരിട്ടാണ് സംസ്കാര ചടങ്ങുകള്‍ നടത്തുക. മൃതദേഹം ഉടന്‍ മറവ് ചെയ്യാനാണ് തീരുമാനം.
ഇന്ന് രാവിലെയാണ് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ 69 കാരന് കൊവിഡ് ബാധിച്ച് മരിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസവും നിമോണിയയുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാര്‍ച്ച് 21നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തില്‍ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങള്‍ കണ്ട് ദിവസങ്ങള്‍ക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
അതേസമയം, ഇദ്ദേഹത്തിന്റെഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായി-കൊച്ചി വിമാനത്തില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത 40 പേര് നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫല്റ്റിലുള്ളവരും നിരീക്ഷണത്തിലാണ്. ഫല്‍റ്റ് സമുച്ചയത്തിലെ 65 കുടുംബങ്ങളാണ് നിരീക്ഷണത്തിലുള്ളത്.