സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശിയായ നെച്ചിത്തടത്തില്‍ വീരാന്‍കുട്ടി ആണ് മരിച്ചത്. 85 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡിനു പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും പറയുന്നു.

അവസാനം നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ഏറെക്കാലമായി ഹൃദയസംബന്ധമായ മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതമുണ്ടായിരുന്നതായും പറയുന്നുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോവിഡിന്റെ ഒരു പരിശോധനാഫലം കൂടി വരാനുണ്ടായിരുന്നു.

ഏപ്രില്‍ രണ്ടിനാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍ ഏതുവിധത്തിലാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്ന് പകര്‍ന്നതാവാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.