ഷിംല: കൊവിഡ് ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് മരിച്ചത് രണ്ടുപേര്‍. ഇതോടെ മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് മരണം സംഭവിച്ചത്. അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്. ഇറ്റലിയില്‍ നിന്ന് വന്നയാളാണ് മരിച്ച മറ്റൊരാള്‍. ഇയാള്‍ കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 467 ആയി ഉയര്‍ന്നു.
കൊവിഡ് 19 പ്രതിരോധിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുകയാണ്. ദില്ലി, രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ ലഡാക്ക്,ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. മുഴുവന്‍ ദിവസ വേതനക്കാര്‍ക്കും ആന്ധ്ര 1000 രൂപ സഹായം പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്ക് മാത്രമാണ് തെലങ്കാനയില്‍ അനുമതി. കര്‍ണാടകത്തില്‍ 9 ജില്ലകളിലാണ് ലോക്ക് ഡൌണ്‍. ബെംഗളൂരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി. സംസ്ഥാനത്ത് ഇന്ന് പൊതുഗതാഗതം ഇല്ല.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറ് മണി മുതലാണ് നിരോധനാജ്ഞ. ചരക്ക് വാഹനങ്ങള്‍ക്കും അവശ്യസേവനങ്ങള്‍ക്കും നിയന്ത്രണമില്ല. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. ഓട്ടോ പ്രവൈറ്റ് ടാക്‌സി എന്നിവ പ്രവര്‍ത്തിക്കില്ല. ഹോട്ടലുകള്‍ തുറക്കാമെങ്കിലും ഹോം ഡെലിവറിയെ അനുവദിക്കു. പാല്‍ പച്ചക്കറി പലചരക്ക് ഉള്‍പ്പടെ അവശ്യസേവനങ്ങള്‍ക്ക് നയിന്ത്രണമില്ല. ദിവസവേദനകാര്‍ക്ക് ഒരു മാസത്തെ അരിയും 1500 രൂപയും സര്‍ക്കാര്‍ വീട്ടിലെത്തിച്ച് നല്‍കും.