ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച രോഗിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിന് മുമ്പ് പരാതിക്കാരനായ രോഗിക്ക് മരണം. ഹര്‍ജിയില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് 80 വയസ്സുകാരനായ കോവിഡ് രോഗി മരണപ്പെട്ടത്. ജൂണ്‍ രണ്ടിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മേയ് 25നാണ് രോഗിയെ ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കോവിഡ് രോഗിയുടെ സമീപത്ത് കിടത്തിയതിനാല്‍ ഇയാള്‍ക്കും വൈറസ് ബാധ ഉണ്ടായെന്നും ഇത് ആസ്പത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും പരാതിക്കാരന് ആരോപിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പിന്നീട് ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റി.
എന്നാല്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ മറ്റ് ആസ്പത്രികളിലേക്ക് രോഗിയെ മാറ്റാനായിരുന്നു പരാതിക്കാരന്റെ കുടുംബത്തോട് ആസ്പത്രി അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് രാജീവ്ഗാന്ധി, എയിംസ്, മാക്സ്, ഗംഗാറാം, അപ്പോളോ എന്നീ ആസ്പത്രികളെ സമീപിച്ചെങ്കിലും കിടക്ക സൗകര്യമില്ലെന്ന കാരണത്തെ തുടര്‍ന്ന് പ്രവേശനം ലഭിച്ചില്ല, ചികിത്സ മുടങ്ങി. തുടര്‍ന്നാണ് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളാണെന്നും തനിക്ക് സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കണമെന്നും ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി സമര്‍പ്പിച്ച തന്റെ കക്ഷി കോടതി കേസ് കേള്‍ക്കുന്നതിന് മുന്‍പ് മരണപ്പെട്ടതായി പരാതിക്കാരന്റെ അഭിഭാഷകന് അഡ്വ. ആര്‍പിഎസ് ഭാട്ടി കോടതിയെ അറിയിച്ചു.