മൂന്ന് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചു; 18കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: മൂന്ന് ആശുപത്രികള്‍ പ്രവേശനം നിഷേധിച്ചതോടെ 18കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. പ്രമേഹ രോഗി കൂടിയായ 18കാരന് ചികിത്സ നിഷേധിച്ചതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലാണ് സംഭവം. മൂന്ന് ആശുപത്രികളാണ് പ്രവേശനം നിഷേധിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് മൂലമാണ് തങ്ങളുടെ മകന്‍ മരണപ്പെട്ടതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

സുബ്രജിത്ത് ചട്ടോഭാദ്യായ എന്നയാളാണ് കൊവിഡ് മൂലം മരിച്ചത്. അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷമാണ് യുവാവിനെ ഒടുവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിതാവ് വെളിപ്പെടുത്തി. പ്രമേഹ രോഗിയായ മകന്‍ വെള്ളിയാഴ്ച രാവിലെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞതായി പിതാവ് പറയുന്നു.

ഇതോടെ മകനെ കമര്‍ഹതിയിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവിടെ ബെഡ് ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതോടെ മകനുമായി ഒരു സ്വകാര്യ നഴ്‌സിങ്ങ് ഹോമിലെത്തി. ഇവിടെ വെച്ച് മകന് കൊവിഡ് പരിശോധന നടത്തി.

പരിശോധനാഫലം ലഭിച്ചപ്പോള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഇവിടെ ബെഡ് ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രിയായ സാഗര്‍ ദത്തയും ചികിത്സ നിഷേധിച്ചതായി യുവാവിന്റെ മാതാവും വെളിപ്പെടുത്തി.

SHARE