രാജ്യത്ത് മരണം ആയിരം കടന്നു; 1897 പേര്‍ക്ക് കൂടി വൈറസ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1007 ആയി ഉയര്‍ന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31332 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1897 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം 7696 പേര്‍ക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 23.3 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ തോത്. 24 മണിക്കൂറിനിടെ 827 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ 9318 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 3744 ആയി. മഹാരാഷ്ട്രയില്‍ 728 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഗുജറാത്തില്‍ 196 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഗുജറാത്തി 181 പേരും മഹാരാഷ്ട്രയില്‍ 400 പേരും രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച 1007 പേരില്‍ 581 പേരും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം 2053 ആണ്. മധ്യപ്രദേശില്‍ 2387 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 120 പേര്‍ മരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ 1259 പേര്‍ക്കും രാജസ്ഥാനില്‍ 2364 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

SHARE