തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ യുഎസ് കമ്പനിയുടെ സെര്‍വറില്‍ നിന്ന് സര്‍ക്കാര്‍ സെര്‍വറിലേക്ക് മാറ്റി. സി- ഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലേക്കാണു വിവരങ്ങള്‍ മാറ്റിയത്. വിശകലനത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനും വൈകാതെ സി-ഡിറ്റിന് ലഭ്യമാകുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിലൂടെ വിവരങ്ങള്‍ ഇപ്പോഴും സ്പ്രിന്‍ക്ളറിന് ലഭ്യമാണ്.
ജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ യു.എസിലെ സ്വകാര്യ കമ്പനിക്ക് നല്കുന്നതില് ദുരൂഹതയുണ്ടെന്നാണ് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തികമായ ബാദ്ധ്യതകളില്ലാത്ത കരാറാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. വിവാദങ്ങളെ തുടര്‍ന്ന് വിവരങ്ങള്‍ കമ്പനിയുടെ വെ്ബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങള്‍ അവരുടെ സര്‍വറില്‍ നിന്നും മാറ്റുന്നത്.
അതിനിടെ, സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. സാമ്പത്തിക പരിശോധന നടത്താന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ സെര്‍വറിലേക്ക് നല്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും, ഇതു സ്വതന്ത്ര വിപണിയില്‍ വില്പനയ്ക്കു വയ്ക്കുമോയെന്നും വ്യക്തമല്ല. വിവരങ്ങള്‍ കൈമാറില്ലെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെങ്കില്പ്പോലും ,ഇതു ലംഘിച്ചാല്‍ വിദേശ കമ്പനിക്കെതിരെ എങ്ങനെ നിയമനടപടിയെടുക്കാനാവും? – ഹര്ജിക്കാരന് ചോദിച്ചു.
ഒന്നര ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് വിദേശ കമ്പനിക്ക് നല്‍കിയത്. ഡേറ്റാ മോഷണവുമായി ബന്ധപ്പെട്ട് ഈ കമ്പനിക്കെതിരെ യു.എസില്‍ കേസ് നിലവിലുണ്ട്. രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് നല്കാന് സി – ഡിറ്റ്, എന്‍.ഐ.സി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ എന്തിനാണ് വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് വ്യക്തമല്ല- ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജി ഈ മാസം 21 ന് പരിഗണിക്കും.