ലോകത്ത് കോവിഡ് വ്യാപനം അതിവേഗം; രോഗികളുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു

ലണ്ടന്‍: ലോകത്ത് കോവിഡ് വ്യാപനം അതിവേഗം മുന്നേറുകയാണ്. ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞിരിക്കുകയാണ്. രോഗികളുടെ എണ്ണം ജൂണ്‍ 28നാണ് ഒരു കോടി പിന്നിട്ടതെങ്കില്‍, അടുത്ത അരക്കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചത് 24 ദിവസം കൊണ്ടാണ്. ആദ്യ കേസ് സ്ഥിരീകരിച്ച് 208ാം ദിവസമാണ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് എത്തുന്നത്.

2019 ഡിസംബര്‍ 31 നാണ് ചൈനയിലെ വുഹാനില്‍ ന്യുമോണിയക്ക് സമാനമായ ലക്ഷണങ്ങളുമായി നിരവധി പേരെ കണ്ടെത്തുന്നത്. 7 ദിവസങ്ങള്‍ക്ക് ശേഷം, അതായത് ജനുവരി 7ന് കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗം ആണ് ജനങ്ങളെ ബാധിച്ചിരിക്കുന്നത് എന്ന് ലോകമറിഞ്ഞു. എന്നാല്‍ അതിന്റെ തീവ്രതയെ കുറിച്ചോ രോഗം ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധിയെ കുറിച്ചോ ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല.

4 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 11ന് ചൈനയില്‍ ആദ്യമരണം സംഭവിച്ചു. ജനുവരി 20ന് വൈറസ് ചൈനക്ക് പുറത്ത് എത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ജനുവരി 30ന് ലോകാരോഗ്യസംഘടന ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്നാണ് ഇന്ത്യയിലെ ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോഴേക്കും ലോകത്ത് ഒന്‍പതിനായിരം പേരിലേക്ക് വൈറസ് എത്തിയിരുന്നു.

ഫെബ്രുവരി രണ്ടിന് ചൈനയ്ക്ക് പുറത്തുള്ള ആദ്യ മരണം ഫിലിപ്പൈന്‍സില്‍ സ്ഥിരീകരിച്ചു. ഫെബ്രുവരി 11ന് രോഗത്തിന് കൊവിഡ് 19 എന്ന നാമം ലോകാരോഗ്യ സംഘടന നല്‍കിയതോടെ ലോകം ഭീതിയിലായി. ഇറാനും ഇറ്റലിയും സ്‌പെയിനും കീഴടക്കി രോഗം വ്യാപിച്ചു. ഫെബ്രുവരി 26ന് ആദ്യ കേസ് സ്ഥിരീകരിച്ച അമേരിക്ക പിന്നീട് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്ന കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു.

കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് എത്തിയതോടെ ലോകാരോഗ്യ സംഘടന കൊവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. പിന്നീട് അതിവേഗമായിരുന്നു വ്യാപനം. മാര്‍ച്ച് 24 ന് ഇന്ത്യ സമ്പൂര്‍ണ ലോക്ഡൗണിലായി. ഏപ്രില്‍ 2 ആയപ്പോഴേക്കും ലോകത്ത് കേസുകളുടെ എണ്ണം പത്തുലക്ഷമായി. മെയ് 19ന് ഇന്ത്യയില്‍ ഒരു ലക്ഷം കേസുകള്‍. മെയ് 20ന് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു.

രോഗം സ്ഥിരീകരിച്ച് 184 ദിവസം തികഞ്ഞ, ജൂണ്‍ 28ന് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തി. ആദ്യ അരക്കോടിയിലേക്ക് എത്താന്‍ 141 ദിവസം എടുത്തെങ്കില്‍ അടുത്ത 50 ലക്ഷം രോഗികള്‍ ഉണ്ടാകാന്‍ വേണ്ടിവന്നത് വെറും 43 ദിവസം. മൂന്നാമത്തെ 50 ലക്ഷത്തിലേക്ക്, അതായത് ഒന്നരക്കോടിയിലേക്ക് എത്താനെടുത്തത് 24 ദിവസം മാത്രമാണ്.

SHARE