കോവിഡ് പ്രതിസന്ധി; തേങ്ങ വിറ്റ് ഉപജീവനം ഈ എം.ബി.എക്കാരന്‍ ജീവിതം തിരികെ പിടിച്ചത് ഇങ്ങനെ


കോവിഡ് കാരണം പ്രതിസന്ധിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തേങ്ങ വിറ്റ് ഉപജീവനം നടത്തി എം.ബി.എ ബിരുദധാരി. ആലപ്പുഴ സ്വദേശി ജോസഫ് സൂസന്‍ ജെയിംസ് ആണ് കുട്ടനാട്ടില്‍ നാളികേര വില്‍പനക്കിറങ്ങിയത്. കര്‍ഷകരില്‍ നിന്നും നാളികേരം ശേഖരിച്ച് പൊതിച്ച് ചില്ലറ വില്പന നടത്തിയാണ് ജോസഫ് ഉപജീവനം നയിക്കുന്നത്.

ഷാര്‍ജയില്‍ അകൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു ജോസഫ്. ഭാര്യയ്ക്ക് ശാരീരികമായി ചില പ്രശ്‌നങ്ങള്‍ അനുഭവപ്പടുകയും തുടര്‍ചികിത്സ അനിവാര്യമായി വരികയും ചെയ്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരികയായിരുന്നു. നാട്ടിലെത്തി കൊച്ചി കേന്ദ്രീകരിച്ച് ഒരു പാഴ്സല്‍ സര്‍വീസ് തുടങ്ങി. ബിസിനസ് മെല്ലെ പച്ചപിടിച്ചു വരുന്ന അവസ്ഥയിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍. അതോടെ പാഴ്സല്‍, കൊറിയര്‍ സര്‍വീസുകള്‍ നിലച്ചു. പ്രാരംഭവസ്ഥയിലുളള ഒരു സ്ഥാപനത്തിന് തിരിച്ചടി നേരിടാന്‍ ഇതില്‍ പരം എന്ത് വേണം? നിലനില്‍പ്പിനായി മറ്റെന്തെങ്കിലും വഴി നോക്കിയേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

”പല സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും തൊഴിലാളികളെ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ജോലിക്കായി അപേക്ഷ അയച്ച് കാത്തിരിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്കു തോന്നി. എംബിഎ ബിരുദത്തിനും ഇത് വരെയുള്ള പ്രവൃത്തി പരിചയത്തിനും കൊറോണക്കാലത്ത് ഒരു കടലാസിന്റെ വിലയേ ഉള്ളൂ എന്നു ഞാന്‍ തിരിച്ചറിഞ്ഞു. വീട്ടുചെലവ്, ഭാര്യയുടെ ചികിത്സ എന്നിങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുവശത്ത്. അതിനാല്‍ ബിരുദം ലോക്കറില്‍ വച്ച് വരുമാനത്തിനുള്ള വഴികള്‍ തേടാന്‍ തീരുമാനിക്കുകയായിരുന്നു”- ജോസഫ് പറഞ്ഞു.

അടുത്ത സുഹൃത്ത് വെളിച്ചെണ്ണയുടെ വ്യാപാരം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് തേങ്ങയുടെ വിപണിയെ പറ്റി മനസ്സിലാക്കുന്നത്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന രാസവസ്തുക്കള്‍ ഇട്ട് വിളയിച്ചെടുത്ത നാളികേരത്തിന് പകരം വിളഞ്ഞ കുട്ടനാടന്‍ നാളികേരം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഗുണകരമാകും എന്ന് തോന്നലും ഇതിലൂടെ ഉണ്ടായി.

‘നാടന്‍ തേങ്ങ വില്പനയ്ക്ക്, വീടുകളില്‍ എത്തിച്ചു തരും’ എന്നൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാണ് തുടങ്ങിയത്. ആളുകളുടെ പ്രതികരണം അറിയുന്നതിനായാണ് ഇങ്ങനെ ചെയ്തത്. ആ പോസ്റ്റിനു കിട്ടിയ പിന്തുണയാണ് നാടന്‍ നാളികേരത്തിന്റെ വില്പനയിലേക്ക് എത്തിച്ചത്. പാഴ്സല്‍ സര്‍വീസിനു വേണ്ടി ഒരു പിക്കപ്പ് വാന്‍ വാങ്ങിയിരുന്നു. അത് ഗുണകരമായി. 1000 തേങ്ങ കര്‍ഷകരില്‍ നിന്നും അടുത്തുള്ള വീടുകളില്‍ നിന്നുമായി ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുത്തു. മികച്ച വരുമാനം ലഭിച്ചു തുടങ്ങിയതോടെയാണ് കൂടുതല്‍ തേങ്ങ ശേഖരിച്ചു തുടങ്ങിയത്. അങ്ങനെ അതിപ്പോള്‍ ‘ഈഡന്‍ ഗാര്‍ഡന്‍ കോക്കനട്ട് ആന്‍ഡ് ഓയില്‍സ്’ എന്ന സ്ഥാപനം മാറിയിരിക്കുന്നു’- ജോസഫ് പറഞ്ഞു.

ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് നിലവില്‍ തേങ്ങ എത്തിച്ചു നല്‍കുന്നത്. കുട്ടനാടന്‍ പ്രദേശത്ത് നിന്നുമാണു കൂടുതല്‍ തേങ്ങയും ശേഖരിക്കുന്നത്. തുടക്കത്തില്‍ ചില്ലറ വില്‍പന മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മൊത്തവില്പനയും ചെയ്യുന്നുണ്ട്. വീട്ടിലും ഭാര്യവീട്ടിലുമായി തേങ്ങയുടെ ശേഖരണത്തിനും വില്‍പനയിക്കുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

SHARE