രണ്ടുമാസമായി ശമ്പളമില്ല; ദുബായില്‍ 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍

കോവിഡ് മൂലം ദുബായില്‍ ദുരിതമനുഭവിച്ച് ഇന്ത്യക്കാര്‍. രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാരാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. എന്നാല്‍ പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലുമാണ്. ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കണമെന്നാണ് അഭ്യര്‍ഥന. കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്.

ദുബായ് ജബല്‍ അലിയിലെ നിര്‍മാണ കമ്പനിയിലെ ജോലിക്കാരാണ് ദുരിതത്തില്‍ പെട്ടിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഒടുവില്‍ ശമ്പളം നല്‍കിയത്. കഴിഞ്ഞമാസം പത്തുവരെ ജോലി ചെയ്തശേഷം ജബല്‍ അലിയിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു മുറിയില്‍ പത്തും പന്ത്രണ്ടും പേര്‍ താമസിക്കുന്നു. ഇതിനിടെ രണ്ടുപേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവരെ പ്രത്യേകം മുറിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതരുടെ കയ്യിലാണ്. തിരികെ ആവശ്യപ്പെടുമ്പോള്‍ ക്യാംപിലെ അധികൃതര്‍ കൃത്യമായ മറുപടി പോലും നല്‍കുന്നില്ല.

പലര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ട്. പണമില്ലാത്തതിനാല്‍ പരിശോധനയ്ക്കു പോകാനാകുന്നില്ല. ദുബായിലെ സന്നദ്ധസംഘടനകളുടെ സഹായമുള്ളതിനാല്‍ ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, പകര്‍ച്ചാവ്യാധിയുടെ കാലത്ത് ഈ ഇടുങ്ങിയമുറികളില്‍ നിന്നും നാട്ടിലേക്കു മടങ്ങാനായില്ലെങ്കില്‍ ജീവനു ഭീഷണിയാകുമെന്ന ഭയത്തിലാണിവര്‍. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടയിലാണ് ഇ്ത്തരത്തിലുള്ള വിവരം പുറത്തുവരുന്നത്്.

SHARE