കോവിഡ് ബാധിക്കപ്പെട്ട രോഗികളില്‍ 80 ശതമാനത്തിനും ചുമ, ചെറിയ പനി, തലവേദന, ശ്വാസംമുട്ടല്‍ പോലുള്ള തീവ്രമല്ലാത്ത ലക്ഷണങ്ങളാണ് കാണപ്പെട്ടത്. മറ്റ് രോഗങ്ങളുള്ള 20 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗം തീവ്രമാകുന്നത്. തീവ്രമല്ലാത്ത ലക്ഷണങ്ങള്‍ക്ക് ശ്രദ്ധ കൊടുത്താല്‍ കോവിഡില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ തീവ്രത കുറഞ്ഞ ലക്ഷണങ്ങളില്‍ ചുമയാണ് പ്രധാനം. അതും വെറും ചുമയല്ല. വരണ്ട ചുമ.
കഫം ഇല്ലാത്ത ചുമയെയാണ് വരണ്ട ചുമ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചുമയ്ക്കുമ്പോള്‍ കഫം വരികയോ തൊണ്ടയില്‍ കുടുങ്ങുന്നതോ ആയിട്ട് തോന്നുകയില്ല. തൊണ്ടയില്‍ എന്തോ ചൊറിയുന്നത് പോലെയാണ് വരണ്ട ചുമയുള്ളവര്‍ക്ക് തോന്നുക. ഇതോടൊപ്പം സംസാരിക്കുമ്പോള്‍ തൊണ്ട അടഞ്ഞതു പോലെയുള്ള ശബ്ദവും ഉണ്ടാകും.
മൂക്കിലൂടെയോ വായിലൂടെയോ ഒക്കെ ശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് വേഗത്തില്‍ പെരുകും. വൈറസ് പിന്നീട് ശ്വാസകോശത്തിലെത്തുകയോ അതിന്റെ അപ്പര്‍ ട്രാക്ടിലെ വായു പാതകളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നു. വൈറസ് ശ്വാസകോശത്തിലെ കോശസംയുക്തങ്ങളിലും അതിന്റെ പാളികളിലുമൊക്കെ നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുന്നതിനാല്‍ ഇത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് കൊറോണ വൈറസ് വരണ്ട ചുമയ്ക്ക് കാരണമാകുന്നത്. ചെറിയൊരു ശതമാനം കോവിഡ് ബാധിതരില്‍ മാത്രമേ കഫമുള്ള ചുമ കണ്ടെത്തിയിട്ടുള്ളൂ.
എന്നാല്‍ വരണ്ട ചുമ സാധാരണ പനി വന്നാലും വരാമെന്നതിനാല്‍ ഇത് കൊണ്ട് മാത്രം കോവിഡ് ഉണ്ടോ എന്ന് സംശയിക്കാനാകില്ല. വരണ്ട ചുമ ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുകയും ഒപ്പം തലവേദന, ശ്വാസംമുട്ടല്‍, വയറിന് പ്രശ്നങ്ങള്‍, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുകയും കൂടി ചെയ്താല്‍ കോവിഡ് പരിശോധന നടത്താന്‍ പിന്നെ വൈകരുത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും ഈ ലക്ഷണങ്ങളെ ലഘുവായിട്ട് എടുക്കാതെ ഉടന്‍ ചികിത്സ തേടണം.