ന്യൂഡല്‍ഹി: കുതിച്ചു കയറിയ കോവിഡിനെ നേരിട്ട് ഡല്‍ഹി. ഡല്‍ഹിയില്‍ കോവിഡ് നിരക്കും മരണനിരക്കും വളരെയധികം താഴ്ന്നുവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം പിന്നിടുമ്പോള്‍ ആകെ രോഗികളില്‍ പകുതിയിലധികവും ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍നിന്നാണ്. അണ്‍ലോക്കിനുശേഷം ഇന്ത്യയിലെ മഹാനഗരങ്ങള്‍ ഉള്‍പ്പെടുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലും അതിദ്രുതഗതിയിലാണ് രോഗവ്യാപനം നടന്നത്. ജൂണ്‍ 15ന് തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം യഥാക്രമം 46,504, 42,829, 1,10,744 എന്നിങ്ങനെയായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുതിയ രോഗികളുടെ എണ്ണവും മരണനിരക്കും പിടിച്ചുനിര്‍ത്തുന്നതില്‍ മറ്റു രണ്ടു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി ബഹുദൂരം മുന്നേറിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നത് മാര്‍ച്ച് ഒന്നിനാണ്. തുടര്‍ന്ന് തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. ജൂണ്‍ ഒന്നിന് ആകെ രോഗികള്‍ 20,834 ആയിരുന്നു. ജൂണ്‍ മൂന്നാമത്തെ ആഴ്ചയോടെ പ്രതിദിനം 2600ഓളം പുതിയ രോഗികളും 70തിലേറെ മരണങ്ങളും ഉണ്ടാകുന്ന സാഹചര്യമുടലെടുത്തു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലെ ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നീ സ്ഥലങ്ങളിലും രോഗവ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയിലെ ആശുപത്രിസംവിധാനം താറുമാറായിത്തുടങ്ങി. ആശുപത്രികളില്‍ കിടക്കലഭിക്കാത്ത സംഭവങ്ങള്‍, ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹേങ്ങള് നിറയുന്നു തുടങ്ങി വാര്‍ത്തകളെല്ലാം ഡല്‍ഹിയെ മുള്‍മുനയില്‍നിര്‍ത്തി. കോവിഡ് രോഗികളെ സംസ്കരിക്കുന്ന വൈദ്യുതശ്മശാനങ്ങളില് ഉറ്റവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യംപോലുമുണ്ടായി. ജൂലായ് അവസാനത്തോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം അഞ്ചരലക്ഷം കവിയുമെന്ന നിരീക്ഷണങ്ങള്‍കൂടി വന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇതരസംസ്ഥാനക്കാര്‍ ഡല്‍ഹിയില്‍നിന്നു സ്വന്തം നാട്ടിലേക്കു മടങ്ങി.
സ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി ഡല്‍ഹിയിലെ സ്ഥിതി ഭയാനകം എന്നു വിശേഷിപ്പിക്കുകയുണ്ടായി. രോഗപരിശോധനകളുടെ എണ്ണം കൂട്ടണമെന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതി നല്കി. ഇതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ 14നു വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെടുത്ത സുപ്രധാന തീരുമാനങ്ങള്‍ ഡല്‍ഹിയിലെ കോവിഡ് മാനേജ്മെന്റിന് പുതിയ ദിശാബോധം നല്കി.
ജില്ലാ കളക്ടര്‍, ആര്.ഡി.ഒ. അടക്കമുള്ള ജില്ലാ ഭരണാധികാരികള്‍ കോവിഡ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസ് സേന, റവന്യൂ ജീവനക്കാര്‍, അധ്യാപകര്‍ അടക്കമുള്ള സ്കൂള്‍ ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കി. സേവനസന്നദ്ധരായ യുവാക്കളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച സിവില്‍ ഡിഫന്‍സ് വിഭാഗം കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങളില്‍ പോലീസ് സേനയോടൊപ്പം മുന്നണിയില്‍നിന്നു.
വ്യാപകമായ പരിശോധന
ഡല്‍ഹിയില്‍ ജൂണ്‍ 18 വരെ ദിവസേന ശരാശരി 6000ത്തോളം പരിശോധനകളാണ് നടത്തിയിരുന്നത്. ഉന്നതതലയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 19 മുതല്‍ പരിശോധന 16,000ത്തോളമായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് പുതിയ കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ജൂണ്‍ 19 മുതല്‍ 26 വരെ ദിവസവും 3000ത്തിലധികം പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടുചെയ്തത്. ഏറ്റവും കൂടുതല്‍പ്പേര്‍ രോഗബാധിതരായത് ജൂണ്‍ 23നാണ് 3947 പേര്‍ക്കാണ് അന്ന് രോഗബാധയുണ്ടായത്. 27 മുതല്‍ കേസുകള്‍ 3000ത്തില്‍ കുറഞ്ഞുതുടങ്ങി.
ഇപ്പോള്‍ ദിനംപ്രതി 22,000ത്തോളം പരിശോധനകളാണ് നടക്കുന്നത്. പതിനൊന്നു ജില്ലകളിലും ദിവസേന 2000 പരിശോധനകള്‍ എന്നതോതില്‍ നടത്തുന്നു. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ വ്യാപകമായി ആന്റിജെന്‍ പരിശോധനകള്‍ നടത്തുന്നു. ദശലക്ഷംപേര്‍ക്ക് 40,000 എന്നതോതിലാണ് ഇവിടെ ടെസ്റ്റുകള്‍ നടക്കുന്നത്, ദേശീയ ശരാശരി 9289 മാത്രമാണ്. കേരളത്തിലും ടെസ്റ്റ് നിരക്ക് താരതമ്യേന കുറവാണ്.
ഹോം ഐസൊലേഷന്‍
രോഗബാധ സ്ഥിരീകരിച്ചവരില്‍ നിസ്സാരലക്ഷണങ്ങള്‍ ഉള്ളവരെയും ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയും ഹോം ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിക്കുന്നു. ചെറിയതോതില്‍ ലക്ഷണങ്ങളുള്ളവരെയും ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവരെയും കോവിഡ് കേന്ദ്രങ്ങളിലും ഗുരുതരരോഗികളെ ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യങ്ങളുള്ള കോവിഡ് ആശുപത്രികളിലും ചികിത്സിച്ചു. ഡല്‍ഹി ആരോഗ്യവകുപ്പിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരും ആശാവര്‍ക്കര്‍മാരും ചേര്‍ന്ന് ഫലപ്രദമായി നടപ്പാക്കിയ ഹോം ഐസൊലേഷന്‍ സംവിധാനം ഡല്‍ഹിയുടെ കോവിഡ് മാനേജ്മെന്റിന്റെ മൂലക്കല്ലാണ്. തെര്‍മോമീറ്ററും പള്‍സ് ഓക്സി മീറ്ററും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി വിതരണംചെയ്തു, വീട്ടില്‍വെച്ച് രക്തത്തിലെ ഓക്സിജന്റെ അളവുപരിശോധിക്കാനും ആവശ്യമെങ്കില്‍ വീട്ടില്‍വെച്ച് ഓക്സിജന്‍ നല്‍കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഓക്സി മീറ്റര്‍ ഉപയോഗിക്കാനും ഓക്സിജന്‍ നല്‍കാനും വേണ്ട സഹായങ്ങള്‍ നല്കാന് പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. അടിയന്തരഘട്ടങ്ങളില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ 24 മണിക്കൂറും ആംബുലന്‍സുകള്‍ ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ആംബുലന്‍സ് ആവശ്യപ്പെട്ട് കോള്‍ സെന്ററില്‍ സന്ദേശം ലഭിച്ചാല്‍ നിശ്ചിതസമയത്തിനകം ആംബുലന്‍സ് സേവനം ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള നിരീക്ഷണസംവിധാനം നടപ്പാക്കി.
ചികിത്സാസൗകര്യങ്ങള്‍
ഡല്‍ഹിയുടെ വിവിധ സ്ഥലങ്ങളിലായി ഹോട്ടലുകളും സ്കൂളുകളും കല്യാണമണ്ഡപങ്ങളും ഏറ്റെടുത്തു. കിടക്കകളും മറ്റു സൗകര്യങ്ങളും സജ്ജമാക്കി പ്രാഥമികതല കോവിഡ് സെന്ററുകള്‍ തുടങ്ങി. ദക്ഷിണ ഡല്‍ഹിയിലെ ചതര്പുരിലെ രാധേ സ്വാമി ആധ്യാത്മികകേന്ദ്രത്തില് ഡല്‍ഹി സര്‍ക്കാരും ഐ.ടി.ബി.പി.യും ചേര്‍ന്ന് തുടങ്ങിയ 10,000ത്തോളം കിടക്കകളുള്ള സര്‍ദാര്‍ പട്ടേല്‍ കോവിഡ് സെന്റര്‍ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കേന്ദ്രമെന്നനിലയ്ക്ക് വാര്‍ത്താപ്രാധാന്യം നേടി. കൂടാതെ ആനന്ദ് വിഹാര്‍ സ്റ്റേഷനിലും ഷൂകൂര് ബസ്തി സ്റ്റേഷനിലും തീവണ്ടിക്കോച്ചുകളില് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി രോഗികളെ കിടത്തിപരിചരിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കി. വലിയ ആശുപത്രികളില്‍ കൂടുതല്‍ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും സജ്ജമാക്കി. അമിതമായ ഉത്കണ്ഠകാരണം രോഗികള്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ഉണ്ടായതിനാല്‍ രോഗികള്‍ക്ക് ടെലികൗണ്‍സലിങ് നല്‍കാനും കോവിഡ് വാര്‍ഡുകളില്‍ രോഗികളെ സി.സി.ടി.വി. വഴി നിരീക്ഷിക്കാനും തുടങ്ങി. ഡല്‍ഹി സര്‍ക്കാരിന്റെ ആപ്പ് ഉപയോഗിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒഴിവുള്ള ബെഡ്ഡ് സംബന്ധിച്ച വിവരം തത്സമയം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളായ എല്‍.എന്‍.ജെ.പി.യിലും ഐ.എല്‍.ബി.എസിലും പ്ലാസ്മാബാങ്കുകള് തുടങ്ങി.
കുറയുന്ന കേസുകളും മരണനിരക്കും
ജൂണ്‍ 19നുശേഷം ദിവസേന 3000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്ന ഡല്‍ഹിയില്‍ ജൂണ്‍ 27 മുതല്‍ പുതിയ രോഗികളുടെ എണ്ണം 3000ത്തില്‍ താഴെയായും ജൂലായ് 10 മുതല്‍ 2000ത്തില്‍ താഴെയായും കുറഞ്ഞു. കഴിഞ്ഞ നാലുദിവസമായി 1500ല്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ടുചെയ്യുന്നത്.
ജൂണ്‍ 15നും 30നും ഇടയില്‍ ഡല്‍ഹിയില്‍ ദിവസേന ശരാശരി 70ഓളം കോവിഡ് മരണങ്ങള് നടന്നു. പ്രതിദിന മരണസംഖ്യ ജൂലായ് ആദ്യയാഴ്ച 41 ആയും രണ്ടാമത്തെ ആഴ്ച 35 ആയും കുറഞ്ഞു. പ്രതിദിന പോസിറ്റീവ് കേസുകളിലും മരണനിരക്കിലും വന്ന ഗണ്യമായ കുറവും രോഗമുക്തിനിരക്കിലുള്ള വര്‍ധനയും കോവിഡ് നേരിടുന്നതിലെ ഡല്‍ഹി മുറ ഫലംകാണുന്നു എന്നു വ്യക്തമാക്കുന്നു. ഒരു രോഗിയില്‍നിന്ന് എത്രപേരിലേക്ക് രോഗം പകരും എന്നതിന്റെ സൂചകമായ ഞ ്മഹൗല (ഞലുൃീറൗരശേ്ല ചൗായലൃ) ഡല്‍ഹിയില്‍ ജൂണ്‍ മാസത്തില്‍ 1.41 ആയിരുന്നു. ജൂലായ് 16ഓടെ അത് 0.89 ആയി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് (പരിശോധനയില്‍ പോസിറ്റീവ് ആകുന്ന രോഗികളുടെ എണ്ണവും ആകെ പരിശോധിച്ചവരുടെ എണ്ണവും തമ്മിലുള്ള അനുപാതം) ജൂണില്‍ 30 ശതമാനംവരെയായിരുന്നു. ജൂലായ് ഒന്നോടെ 12 ആയും കഴിഞ്ഞയാഴ്ച ശരാശരി 7.61 ആയും കുറഞ്ഞു. ഞ ്മഹൗലവും പോസിറ്റിവിറ്റി നിരക്കും കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയാണ്.