പ്രധാനമന്ത്രിയുടെ അഭിസംബോധന വെറും വാചോടാപം; ഉപജീവന മാര്‍ഗം, സമ്പദ്‌ വ്യവസ്ഥ എന്നിവയെപ്പറ്റി പരാമര്‍ശമില്ല; കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയിലെ പൊള്ളത്തരത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജിനെ കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചോ അദ്ദേഹത്തിന് ഒന്നും പറയാനില്ല. കുറേ വാചോടാപങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ ചെയ്തതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കോവിഡിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ റോഡ് മാപ്പ് എവിടെയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

നേതൃത്വമെന്നാല്‍ ജനങ്ങളെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുക എന്നതല്ല, മറിച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. ദീര്‍ഘനേരം സംസാരിച്ചതില്‍ കോവിഡിനെതിരെ നടത്തിയ പോരാട്ടം ഒന്നുപോലും പറയാന്‍ കഴിഞ്ഞില്ല- രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു.

പി.ചിദംബരവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘രാജ്യത്തെ ജനങ്ങള്‍ ഇക്കഴിഞ്ഞ ഇരുപത്തൊന്ന് ദിവസത്തിനൊപ്പം ഇനിയും 21 ദിവസം കൂടി സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവിടെ പണവുണ്ട്, ഭക്ഷണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് രണ്ടും വിതരണം ചെയ്യുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ,’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

SHARE